ഏഷ്യന് ചാംപ്യന്സ് ട്രോഫി; കൊറിയയെ തകര്ത്ത് ഇന്ത്യ സെമിയില്

നാല് മത്സരങ്ങളില് മൂന്ന് വിജയവും ഒരു സമനിലയുമടക്കം പത്ത് പോയിന്റ് നേടിയ ഇന്ത്യ പട്ടികയില് ഒന്നാം സ്ഥാനത്താണ് ഉള്ളത്

ചെന്നൈ: ഏഷ്യന്സ് ചാംപ്യന്സ് ട്രോഫി ഹോക്കി ടൂര്ണമെന്റില് ഇന്ത്യ സെമിയില്. നാലാം മത്സരത്തില് നിലവിലെ ചാംപ്യന്മാരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്ക് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചത്. ടൂര്ണമെന്റില് ഒരു മത്സരം പോലും തോല്വി അറിയാത്ത ഇന്ത്യ ലീഗ് ചാംപ്യന്മാരായാണ് സെമിയിലെത്തുന്നത്. മറ്റൊരു മത്സരത്തില് ജപ്പാനെ 3-1ന് പരാജയപ്പെടുത്തി മലേഷ്യയും സെമി ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു.

ദക്ഷിണ കൊറിയയ്ക്കെതിരെ നടന്ന മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില് തന്നെ ലീഡ് എടുക്കാന് ഇന്ത്യയ്ക്ക് സാധിച്ചു. ആറാം മിനിറ്റില് നിലാകാന്ത ശര്മയാണ് ഇന്ത്യക്ക് വേണ്ടി ആദ്യം ഗോള് നേടിയത്. എന്നാല് 12-ാം മിനിറ്റില് തന്നെ കൊറിയ സമനില കണ്ടെത്തി. 23-ാം മിനിറ്റില് ഇന്ത്യ വീണ്ടും മുന്നിലെത്തി. പെനാല്റ്റി കോര്ണറില് നിന്ന് ലക്ഷ്യം കണ്ട ഹര്മന്പ്രീത് സിംഗ് ആണ് ഇന്ത്യക്ക് നിര്ണായക ലീഡ് സമ്മാനിച്ചത്. 33-ാം മിനിറ്റില് മന്ദീപ് സിംഗ് ഇന്ത്യയുടെ സ്കോര് മൂന്നാക്കി ഉയര്ത്തി. 58-ാം മിനിറ്റില് ലഭിച്ച പെനാല്റ്റി കോര്ണറിലൂടെ യാങ് ജിഹുന് കൊറിയയ്ക്ക് വേണ്ടി ഗോള് മടക്കിയെങ്കിലും ഇന്ത്യ ആധികാരികജയം ഉറപ്പിച്ചു.

ദക്ഷിണ കൊറിയയ്ക്കെതിരെ നേടിയ വിജയത്തോടെ നാല് മത്സരങ്ങളില് മൂന്ന് വിജയവും ഒരു സമനിലയുമടക്കം പത്ത് പോയിന്റ് നേടിയ ഇന്ത്യ പട്ടികയില് ഒന്നാം സ്ഥാനത്താണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള മലേഷ്യ ഒന്പത് പോയിന്റോടെയാണ് സെമി ഫൈനലിലെത്തിയത്. ബുധനാഴ്ച നടക്കുന്ന അവസാന ലീഗ് മത്സരത്തില് ഇന്ത്യ പാകിസ്താനെ നേരിടും.

To advertise here,contact us