'ഇംഗ്ലണ്ട് താരങ്ങൾക്ക് ഫോറും സിക്സും അടിക്കാൻ അറിയാം, സിംഗിളെടുക്കാൻ അറിയല്ല'; ഹർഭജൻ സിംഗ്

മുമ്പൊരിക്കലും ജോസ് ബട്ലർ ഇത്ര മോശമായി കണ്ടിട്ടില്ലെന്ന് ഹർഭജൻ പറയുന്നു

ഡൽഹി: ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പുറത്താകൽ ഭീഷണി നേരിടുകയാണ്. അഞ്ച് മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ട് നാലിലും തോറ്റു. ലോകകപ്പിൽ പിടിച്ചുനിൽക്കാൻ ഇംഗ്ലണ്ടിന് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. ലോകകപ്പിൽ ഇതുവരെ തോൽവി നേരിടാത്ത ഇന്ത്യയാണ് അടുത്ത മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. എന്നാൽ ഇന്ത്യയെ തോൽപ്പിക്കാൻ ഇംഗ്ലണ്ട് കരുത്തരല്ലെന്നാണ് ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിംഗ് പറയുന്നത്.

മുമ്പൊരിക്കലും ജോസ് ബട്ലർ ഇത്ര മോശമായി കണ്ടിട്ടില്ലെന്ന് ഹർഭജൻ പറയുന്നു. വിരമിച്ച സ്റ്റോക്സ് തിരിച്ചുവന്നിട്ടും കാര്യമായ പ്രകടനം നടത്തിയില്ല. ഇംഗ്ലണ്ട് താരങ്ങൾ ഫോറും സിക്സും നേടുന്നുണ്ട്. പക്ഷേ സിംഗിളുകൾ എടുക്കുവാൻ മറന്നുപോകുന്നു. ലോകചാമ്പ്യന്മാർക്കൊത്ത പ്രകടനം ഇംഗ്ലണ്ട് കാഴ്ചവെയ്ക്കുന്നില്ലെന്നും ഇന്ത്യൻ സ്പിൻ ഇതിഹാസം വ്യക്തമാക്കി.

ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ട് മൂന്നെണ്ണത്തിൽ ഓൾ ഔട്ടായി. അതിൽ രണ്ടെണ്ണത്തിൽ 200ൽ താഴെയാണ് ഇംഗ്ലണ്ട് ടീമിലെ എല്ലാവരും പുറത്തായത്. ഉദ്ഘാടന മത്സരത്തിൽ ന്യുസീലൻഡിനോട് തോറ്റു തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനോട് മാത്രമാണ് വിജയിച്ചത്.

To advertise here,contact us