റൺഔട്ടിൽ നിരാശനായി റഹ്മാനുള്ള ഗുർബാസ്; ബാറ്റുവെച്ച് കസേരയിൽ അടിച്ച് പ്രതിഷേധം

26 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റിന് 152 റൺസെന്ന നിലയിലാണ് അഫ്ഗാൻ.

ഡൽഹി: ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അഫ്ഗാന് മികച്ച തുടക്കമാണ് ലഭിച്ചത്. എട്ട് റൺസ് ഓരോ ഓവറിലും നേടാൻ അഫ്ഗാൻ ഓപ്പണര്മാർ പ്രത്യേകം ശ്രമിച്ചു. കുടൂതൽ അപകടകാരി റഹ്മാനുള്ള ഗുർബാസായിരുന്നു. ഇംഗ്ലീഷ് ബൗളിങ്ങ് നിരയെ ഗുർബാസ് ഒറ്റയ്ക്ക് സ്റ്റേഡിയത്തിന്റെ നാല് പാടും പായിച്ചു.

ആദ്യ വിക്കറ്റിൽ 16.4 ഓവറിൽ 114 റൺസ് അഫ്ഗാൻ ഓപ്പണര്മാർ നേടി. അതിൽ 48 പന്തിൽ 28 റൺസ് മാത്രമായിരുന്നു ഇബ്രാഹിം സദ്രാന്റെ സംഭാവന. തൊട്ടുപിന്നാലെ എത്തിയ റഹ്മത്ത് ഷാ മൂന്ന് റൺസ് മാത്രം എടുത്ത് പുറത്തായി. എന്നാൽ മൂന്നാമനായി പുറത്തായ ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ വിക്കറ്റായിരുന്നു അഫ്ഗാന് വലിയ തിരിച്ചടിയായത്.

ക്യാപ്റ്റൻ ഹസ്മത്തുള്ളാഹ് ഷാഹിദിയുടെ കിട്ടാത്ത റൺസിനായുള്ള ക്ഷണമാണ് ഗുർബാസിനെ റൺഔട്ടാക്കിയത്. 57 പന്ത് മാത്രം നേരിട്ട് 80 റൺസെടുത്ത് റൺഔട്ടായ ഗുർബാസ് തന്റെ നിരാശ തീർത്തത് ബാറ്റുവെച്ച് കസേരയിൽ അടിച്ചാണ്. ഡഗ് ഔട്ടിലെത്തിയ ശേഷമാണ് താരം തന്റെ പ്രതിഷേധം കസേരയിൽ ബാറ്റടിച്ച് തീർത്തത്.

ഗുർബാസ് പുറത്തായതിന് പിന്നാലെ അഫ്ഗാൻ റൺറേറ്റും താഴോട്ട് പോയി. 26 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റിന് 152 റൺസെന്ന നിലയിലാണ് അഫ്ഗാൻ. റൺറേറ്റ് 5.85 ആയി കുറഞ്ഞു. 19 റൺസെടുത്ത അസ്മത്തുള്ള ഒമർസായി ആണ് അവസാനം പുറത്തായത്.

To advertise here,contact us