അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ വീണ്ടും സെഞ്ചുറി പിറന്നു. ഒന്നല്ല രണ്ട് സെഞ്ചുറികൾ. ന്യൂസിലൻഡ് ഓപ്പണർ ഡെവോൺ കോൺവേ, മൂന്നാമനായി ഇറങ്ങിയ രച്ചിൻ രവീന്ദ്ര എന്നിവരാണ് സെഞ്ചുറി നേടിയത്. 83 പന്ത് നേരിട്ട കോൺവേ 13 ഫോറും രണ്ട് സിക്സും സഹിതമാണ് സെഞ്ചുറിയിലേക്ക് എത്തിയത്. ആക്രമണ സ്വഭാവത്തോടെ ബാറ്റ് ചെയ്യുന്ന രച്ചിൻ രവീന്ദ്ര 82 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. ഒമ്പത് ഫോറും നാല് സിക്സും സഹിതമാണ് രവീന്ദ്രയുടെ ഇന്നിംഗ്സ്.
12 വർഷത്തിനാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സെഞ്ചുറി പിറക്കുന്നത്. 2011ലെ ലോകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ വിരേന്ദര് സേവാഗും വിരാട് കോഹ്ലിയും സെഞ്ചുറി അടിച്ചിരുന്നു. 1975ലെ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഡെന്നിസ് അമ്മിസ് ആണ് ഉദ്ഘാടന മത്സരത്തിൽ സെഞ്ചുറിയെന്ന ട്രെന്റിന് തുടക്കമിട്ടത്. 1979ൽ വെസ്റ്റ് ഇൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജും 1983ൽ ഇംഗ്ലണ്ടിന്റെ അലൻ ലാംബും സെഞ്ചുറി നേടിയിരുന്നു.
1987ലെ ലോകകപ്പിൽ പാകിസ്താന്റെ ജാവേദ് മിയാൻദാദ് ആണ് സെഞ്ചുറി അടിച്ചത്. 1992ലെ ലോകകപ്പിൽ ഉദ്ഘാടന മത്സരത്തിൽ ആദ്യമായി രണ്ട് സെഞ്ചുറികൾ പിറന്നു. ന്യൂസിലാൻഡിന്റെ മാർട്ടിൻ ക്രോയും ഓസ്ട്രേലിയയുടെ ഡേവിഡ് ബൂണും 100 റൺസ് വീതം എടുത്തു. 1996ലെ ലോകകപ്പിൽ ന്യൂസിലൻഡിന്റെ നഥാൻ ആസിൽ സെഞ്ചുറി നേടി. ആദ്യമായി ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സെഞ്ചുറി പിറക്കാത്തത് 1999ലാണ്. 88 റൺസെടുത്ത് സെഞ്ചുറിയിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിന്റെ അലക് സ്റ്റിവാർട്ടിനെ ലങ്കൻ പേസർ ചാമിന്ദ വാസ് പുറത്താക്കി.
2003ലെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന്റെ ബ്രയാൻ ലാറ സെഞ്ചുറി നേടി ബാറ്റ് ഉയർത്തി. 2007ലെ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലും സെഞ്ചുറി ഉണ്ടായില്ല. 2011ൽ ഇന്ത്യയുടെ രണ്ട് താരങ്ങൾ സെഞ്ചുറി നേടി ലോകകപ്പ് ഉദ്ഘാടനം ഗംഭീരമാക്കി. 2015ലും 2019ലും ലോകകപ്പ് ഉദ്ഘാടനത്തിന് ആരും സെഞ്ചുറിയുമായി മികവേകിയില്ല. എന്നാൽ ഇത്തവണ സെഞ്ചുറി തിളക്കത്തിൽ ലോകകപ്പിന് ഗംഭീര തുടക്കം ലഭിച്ചിരിക്കുകയാണ്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക