ഓസ്ട്രേലിയ മറക്കാൻ ആഗ്രഹിക്കുന്ന തോൽവി; ലോകകപ്പിലെ സിംബാബ്വെയുടെ ആദ്യ അട്ടിമറി

ഗ്രെയിം വുഡും കെപ്ലെർ വെസ്സൽസും അലൻ ബോർഡറും ഉൾപ്പെടുന്ന നിരയായിരുന്നു ഓസ്ട്രേലിയയുടേത്

1983ലെ ലോകകപ്പിലായിരുന്നു സിംബാബ്വെയുടെ ആദ്യ മത്സരം. അന്ന് ഓസ്ട്രേലിയയായിരുന്നു എതിരാളികള്. മൂന്നാം ലോകകപ്പിലെ മൂന്നാമത്തെ മത്സരമായിരുന്നു അത്. ടോസ് നേടിയ ഓസ്ട്രേലിയ സിംബാബ്വെയെ ബാറ്റിങിനയച്ചു. ജെഫ് ലോവ്സണും ഡെന്നിസ് ലില്ലിയും ജെഫ് തോംസണും ഉൾപ്പെടുന്ന ബൗളിങ്ങ് നിരയായിരുന്നു ഓസ്ട്രേലിയയുടേത്. ഭേദപ്പെട്ട തുടക്കമാണ് സിംബാബ്വെയ്ക്ക് ലഭിച്ചത്. ആദ്യ വിക്കറ്റിൽ 55 റൺസെടുക്കാന് സിംബാബ്വെയ്ക്ക് കഴിഞ്ഞു. എന്നാൽ ഉടൻ തന്നെ 5ന് 94 എന്ന നിലയിൽ സിംബാബ്വെ തകർന്നടിഞ്ഞു.

ആറാമനായി ക്രീസിലെത്തിയ ഡങ്കൻ ഫ്ലെച്ചർ ഒറ്റയ്ക്ക് പോരാടി. കെവിൻ കുറാനുമൊത്ത് ആറാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു. ഏഴാം വിക്കറ്റിൽ ഇയാൻ ബുച്ചാർട്ടുമായി പിരിയാത്ത 75 റൺസിന്റെ കൂട്ടുകെട്ട്. 84 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പടെ 69 റൺസ് നേടിയ ഡങ്കൻ ഫ്ലെച്ചർ പുറത്താകാതെ നിന്നു. 60 ഓവറിൽ സിംബാബ്വെ 6 വിക്കറ്റിന് 239 റൺസടിച്ചു.

ഓസീസ് ഓപ്പണർമാരായ ഗ്രെയിം വുഡും കെപ്ലെർ വെസ്സൽസും നന്നായി തുടങ്ങി. എങ്കിലും സ്കോറിങ്ങിന് വേഗത പോരായിരുന്നു. 76 റൺസെടുക്കാന് വെസ്സൽസിന് വേണ്ടിവന്നത് 130 പന്തുകളാണ്. പിന്നാലെ വന്നവരും സ്കോറിങ്ങിന് വേഗം കൂട്ടിയില്ല. ഏഴാമനായി ഇറങ്ങിയ റോഡ് മാർഷ് ജയിക്കാനുള്ള ശ്രമങ്ങൾ നടത്തി. 42 പന്ത് മാത്രം നേരിട്ട് മൂന്ന് ഫോറും രണ്ട് സിക്സും സഹിതം പുറത്താകാതെ 50 റൺസ്. പക്ഷേ ഓസ്ട്രേലിയൻ സ്കോർ 7ന് 226ൽ എത്തിയപ്പോൾ 60 ഓവറും പൂർത്തിയായി. ഇതോടെ 13 റൺസിന്റെ ലോകകപ്പ് ജയം സിംബാബ്വെ ആഘോഷിച്ചു. ലോകകപ്പ് ചരിത്രത്തിലെ സിംബാബ്വെയുടെ ആദ്യ ജയം. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇന്നും മറക്കാൻ ആഗ്രഹിക്കുന്ന തോൽവി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ആ സിംബാബ്വെൻ ജയം.

To advertise here,contact us