'ഫുട്ബോളിൽ തന്നെ തുടരണം'; രാജ്യത്തെ ആദ്യ വനിതാ ഫുട്ബോള് വീഡിയോ അനലിസ്റ്റാവാൻ അഞ്ജിത

പ്രതിരോധനിര താരമായ അഞ്ജിത ബെംഗളൂരു ബ്രേവ്സ്, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ നൈറ്റ്സ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്

icon
dot image

നീലേശ്വരം: രാജ്യത്തെ ആദ്യ വനിതാ ഫുട്ബോൾ വീഡിയോ അനലിസ്റ്റാവാൻ ഒരുങ്ങുകയാണ് കാസർകോട് നിന്നുള്ള 23കാരി എം അഞ്ജിത. സ്വന്തം ടീമിന്റെയും എതിരാളികളുടെയും ഫുട്ബോൾ മത്സരത്തിന്റെ വീഡിയോ കണ്ട് പരിശീലകർക്ക് തന്ത്രം പറഞ്ഞു കൊടുക്കുക എന്നതാണ് ഫുട്ബോളിൽ ഒരു വീഡിയോ അനലിസ്റ്റിന്റെ ജോലി. ഗോകുലം കേരള എഫ്സി വനിതാ ടീമിന്റെ വീഡിയോ അനലിസ്റ്റായാണ് അഞ്ജിത കരാർ ഒപ്പുവെച്ചത്. ഒരുവർഷത്തേക്കാണ് കരാർ. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യവാരമോ ജോലിയിൽ അഞ്ജിത ടീമിനൊപ്പം ചേരുമെന്നാണ് ടീം മാനേജ്മെന്റ് പറയുന്നത്.

നേരത്തേ മുത്തൂറ്റ് എഫ്എസിയുടെ വീഡിയോ അനലിസ്റ്റായിരുന്നു അഞ്ജിത. കളിക്കളം വിട്ടാലും ഫുട്ബോളിൽ താന്നെ തുടരണമെന്ന ആഗ്രഹം ഉള്ളിലുണ്ടായതിനാലാണ് ഈ മേഖലയിൽ ജോലി സാധ്യത തേടിയതെന്നാണ് അഞ്ജിത പറയുന്നത്. ഈ ആഗ്രഹം വീഡിയോ അനലിസ്റ്റ് എന്നതിലേക്കെത്തിച്ചു. ഇതിനായി പ്രൊഫഷണൽ ഫുട്ബോൾ സ്കൗട്ടിങ് അസോസിയേഷനിൽ (പിഎഫ്എസ്എ) കോഴ്സ് പൂർത്തിയാക്കി. രാജ്യത്ത് വനിതകളാരും ഈ കോഴ്സ് തിരഞ്ഞെടുക്കാൻ ധൈര്യപ്പെടാത്ത ഒരു സമയത്ത് കൂടിയായിരുന്നു അത്. ദേശീയ വനിതാ ടീമിന്റെ വീഡിയോ അനലിസ്റ്റാവുകയാണ് ഈ മലയാളി താരത്തിന്റെ ലക്ഷ്യം.

ഫുട്ബോൾ കളിക്കാരനായിരുന്ന അച്ഛൻ എം മണിയിൽ നിന്നാണ് കാൽപ്പന്തുകളിയാവേശം അഞ്ജിതയുടെ തലയിൽ കയറുന്നത്. ബങ്കളം ഗവ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. എട്ടാം ക്ലാസിലെത്തിയപ്പോൾ സ്കൂൾ ഫുട്ബോൾ ടീമിൽ ചേർന്നു. ബിരുദ കാലത്ത് ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്സ് കോളേജിലെ ടീമിന് വേണ്ടി കളിച്ചു. കേരള ജൂനിയർ, സീനിയർ വനിതാ ടീമുകളിൽ ഇടം കിട്ടി. കാലിക്കറ്റ് സർവകാലശാലയ്ക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. പ്രതിരോധനിര താരമായ അഞ്ജിത പിന്നീട് ബെംഗളൂരു ബ്രേവ്സ്, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ നൈറ്റ്സ് ടീമുകളുടെ ജേഴ്സിയണിഞ്ഞു.

പരിശീലകനാവാനുള്ള അർഹത അദ്ദേഹത്തിനുണ്ടായിരുന്നു; ഗംഭീറിന്റെ നിയമനത്തില് പ്രതികരിച്ച് ഭാര്യ

To advertise here,contact us