മെസ്സിയെയും സംഘത്തെയും കാത്തിരിക്കുകയാണ്: അര്ജന്റീനയ്ക്ക് മുന്നറിയിപ്പുമായി കാനഡ കോച്ച്

ജൂലൈ 10 ബുധനാഴ്ച ഇന്ത്യന് സമയം പുലര്ച്ചെ 5.30നാണ് അര്ജന്റീന-കാനഡ സെമി പോരാട്ടം

ന്യൂയോര്ക്ക്: ലയണല് മെസ്സിയെയും സംഘത്തെയും കാത്തിരിക്കുകയാണെന്ന് കാനഡ കോച്ച് ജെസെ മാര്ഷ്. കോപ്പ അമേരിക്ക സെമി ഫൈനല് പോരാട്ടത്തില് മെസ്സിയുടെ അര്ജന്റീനയെ നേരിടാന് തയ്യാറെടുക്കുകയാണ് കാനഡ. നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീനയെ അട്ടിമറിക്കാന് കഴിഞ്ഞാല് കോപ്പ അമേരിക്ക ടൂര്ണമെന്റിലെ അരങ്ങേറ്റക്കാരായ കാനഡയ്ക്ക് ഫൈനലിലെത്താം. ജൂലൈ 10 ബുധനാഴ്ച ഇന്ത്യന് സമയം പുലര്ച്ചെ 5.30നാണ് അര്ജന്റീന-കാനഡ സെമി പോരാട്ടം. മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു കാനഡ പരിശീലകന് ജെസെ മാര്ഷ്.

'സെമിയില് ലോകത്തിലെ ഏറ്റവും മികച്ച ടീമിനെ നേരിടാന് പോവുകയാണ് ഞങ്ങള്. വളരെ ആവേശമുണ്ട്. അര്ജന്റീനയ്ക്കെതിരെ ഞങ്ങള്ക്ക് കഴിയുന്നത്ര മികച്ച കളി പുറത്തെടുത്തിരിക്കും. ചിലപ്പോള് അതുപോലും മതിയാവില്ലെന്നുവരാം. എന്തായാലും ഞങ്ങളുടെ പരമാവധി മുന്നോട്ടുപോവും', മാര്ഷ് വ്യക്തമാക്കി.

പെനാല്റ്റി മിസ്സാക്കി മെസ്സി; ഷൂട്ടൗട്ടിലെ വിജയത്തോടെ അര്ജന്റീന സെമിയില്

ക്വാര്ട്ടര് പോരാട്ടങ്ങളില് ഷൂട്ടൗട്ടിലെ വിജയത്തോടെയാണ് അര്ജന്റീനയും കാനഡയും സെമി ഫൈനലിനെത്തിയത്. ഇക്വഡോറിനെതിരായ ക്വാര്ട്ടര് പോരാട്ടത്തില് 4-2ന് വിജയിച്ചാണ് അര്ജന്റീന സെമിയിലേക്ക് മുന്നേറിയത്. സൂപ്പര് താരം ലയണല് മെസ്സി പെനാല്റ്റി കിക്ക് നഷ്ടപ്പെടുത്തിയെങ്കിലും ഗോള്കീപ്പര് എമിലിയാനോ മാര്ട്ടിനസിന്റെ തകര്പ്പന് സേവുകളാണ് അര്ജന്റീനയ്ക്ക് തുണയായത്. അതേസമയം വെനസ്വേലയ്ക്കെതിരായ ക്വാര്ട്ടര് ഫൈനലില് ഷൂട്ടൗട്ടില് 4-3ന്റെ വിജയത്തോടെ കാനഡ സെമി ബെര്ത്ത് ഉറപ്പിച്ചത്.

To advertise here,contact us