കോപ്പയിൽ സെമി ചിത്രം തെളിഞ്ഞു; അർജന്റീന-യുറുഗ്വായ് ക്ലാസിക്ക് ഫൈനലിന് പന്തുരുളുമോ?

ആദ്യ സെമിയിൽ അർജന്റീനയും കാനഡയുമാണ് ഏറ്റുമുട്ടുക

ന്യൂയോര്ക്ക്: കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ കടന്ന് സെമി ലൈനപ്പ് പുറത്ത് വന്നതിന് പിന്നാലെ ഒരു ത്രില്ലർ ഫൈനൽ പോരാട്ടം പ്രതീക്ഷിച്ച് ഫുട്ബോൾ ആരാധകർ. ആദ്യ സെമിയിൽ അർജന്റീനയും കാനഡയുമാണ് ഏറ്റ് മുട്ടുക. രണ്ടാം സെമിയിൽ യുറുഗ്വായും കൊളംബിയയും. ആദ്യ സെമിയിൽ അർജന്റീനയും രണ്ടാം സെമിയിൽ യുറുഗ്വായും വിജയിച്ചു മുന്നേറുകയാണെങ്കിൽ അർജന്റീന യുറുഗ്വായ് തമ്മിലുള്ള ഒരു ലാറ്റിനമേരിക്കൻ എൽ ക്ലാസ്സിക്കോ ഫൈനൽ ഇത്തവണ സംഭവിക്കും.

ക്വാർട്ടർ ഫൈനലിൽ അർജന്റീന ഇക്വഡോറിനെയും കാനഡ വെനസ്വേലയെയും തോൽപ്പിച്ചാണ് സെമിയിലേക്ക് കടന്നത്. നിശ്ചിത സമയത്ത് ഒരു ഗോളിന്റെ തുല്യതയിലായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ഇരു ടീമുകളും സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മെസ്സിയും കൂട്ടരും മൂന്ന് മത്സരങ്ങളും വിജയിച്ചപ്പോൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായിരുന്ന കാനഡയ്ക്ക് ഒരു മത്സരത്തിൽ മാത്രമാണ് വിജയിക്കാനായത്. ഈ കോപ്പയിൽ തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ നിലവിലെ ലോക ചാമ്പ്യന്മാർ രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.

കരുത്തരായ ബ്രസീലിനെ ഗോൾ രഹിത സമനിലയ്ക്ക് ശേഷം ഷൂട്ടൗട്ടിൽ കീഴടക്കിയാണ് യുറുഗ്വായ് വരുന്നത്. ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ച ടീമാണ് യുറുഗ്വായ്. ഗ്രൂപ്പിൽ മൂന്ന് കളികളും ജയിച്ച യുറുഗ്വായ് പ്രാഥമിക ഘട്ടത്തിൽ ഒമ്പത് ഗോളുകൾ അടിച്ചുകൂട്ടി. ഒരു ഗോൾ മാത്രമാണ് ഇത് വരെ വഴങ്ങിയത്. ഗ്രൂപ്പ് ഡിയിൽ നിന്നും രണ്ട് ജയവും ഒരു സമനിലയുമായാണ് ജെയിംസ് റോഡ്രിഗസിന്റെ കൊളംബിയ എത്തുന്നത്. ക്വാർട്ടർ ഫൈനലിൽ നേടിയ അഞ്ചു ഗോളടക്കം ടൂർണമെന്റിൽ ഇത് വരെ 11 ഗോളുകൾ നേടാൻ ടീമിനായി. വഴങ്ങിയതാവട്ടെ രണ്ട് ഗോളുകൾ മാത്രമാണ്.

യൂറോ 2024; സെമി ഫൈനല് പോരാട്ടചിത്രം തെളിഞ്ഞു; ഏറ്റുമുട്ടാനൊരുങ്ങി 'യൂറോപ്യൻ പവര്ഹൗസുകള്'

To advertise here,contact us