ആറാം തമ്പുരാനും വാര്യരും; അപൂര്വ്വ റെക്കോര്ഡുമായി റോണോയും പെപ്പെയും

ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് പറങ്കിപ്പട സ്വന്തമാക്കിയത്

ലെപ്സിഗ്: മിന്നും വിജയത്തോടെ യൂറോ കപ്പ് 2024ല് അരങ്ങേറിയിരിക്കുകയാണ് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡൊയുടെ പോര്ച്ചുഗല്. ചെക്ക് റിപ്പബ്ലിക്കിനെതിരെ നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് പറങ്കിപ്പടയുടെ വിജയം. ടൂര്ണമെന്റിലെ ആദ്യ മത്സരത്തിന് പിന്നാലെ റോണോയും സഹതാരം പെപ്പെയും പുതിയൊരു റെക്കോര്ഡും പോക്കറ്റിലാക്കിയിട്ടുണ്ട്.

𝗜𝗡𝗖𝗢𝗠𝗣𝗔𝗥𝗔́𝗩𝗘𝗟. 🐐🇵🇹 #PartilhaAPaixão | #EURO2024 pic.twitter.com/DAF96e3mVH

ഏറ്റവും കൂടുതല് യൂറോ കപ്പ് സീസണുകളില് പന്ത് തട്ടിയ താരമെന്ന അപൂര്വ്വ റെക്കോര്ഡാണ് 39കാരനായ ക്രിസ്റ്റ്യാനോ റൊണാള്ഡോയെ തേടിയെത്തിയത്. യൂറോ കപ്പിന്റെ ആറ് വ്യത്യസ്ത പതിപ്പുകളില് കളിക്കുന്ന ആദ്യ താരമാണ് റോണോ. നേരത്തെ 2004, 2008, 2012, 2016, 2021 എന്നീ വര്ഷങ്ങളില് പോര്ച്ചുഗലിന് വേണ്ടി ബൂട്ടണിഞ്ഞ താരത്തിന് 2024ലേത് ആറാമത്തെ ടൂര്ണമെന്റാണ്.

Idade é só um número 😮‍💨🍷 #PartilhaAPaixão | #EURO2024 pic.twitter.com/5WPesoEeRY

യൂറോ കപ്പില് കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിക്കാണ് പോര്ച്ചുഗീസ് ഡിഫന്ഡര് പെപ്പെ അര്ഹനായത്. ചെക്ക് റിപ്പബ്ലിക്കിനെതിരെ കളിക്കളത്തിലിറങ്ങുമ്പോള് പെപ്പെയ്ക്ക് 41 വര്ഷവും മൂന്ന് മാസവുമായിരുന്നു പ്രായം. ഹംഗറിയുടെ ഗാബോര് കിറാലിയുടെ റെക്കോര്ഡാണ് ഇതോടെ പഴങ്കഥയായത്. 2016ല് ബെല്ജിയത്തിനെതിരെ ഇറങ്ങുമ്പോള് 40 വര്ഷവും 86 ദിവസവുമായിരുന്നു കിറാലിയുടെ പ്രായം.

To advertise here,contact us