മ്യൂണിച്ച്: 2024 യൂറോ കപ്പ് ടൂര്ണമെന്റിന് ഗോള് മഴയോടെ തുടക്കമായിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില് സ്കോട്ട്ലന്ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്ക്ക് തകര്ത്താണ് ആതിഥേയരായ ജര്മ്മനി വിജയം സ്വന്തമാക്കിയത്. ഫ്ളോറിയന് വിര്ട്സ് (10), ജമാല് മുസിയാല (19), കൈ ഹാവെര്ട്സ് (45+1), നിക്ലാസ് ഫുള്ക്രുഗ് (68), എംറെ കാന് (90+3) എന്നിവരാണ് ജര്മ്മനിയ്ക്ക് വേണ്ടി വലകുലുക്കിയത്. അതേസമയം ആന്റണിയോ റൂഡിഗറുടെ സെല്ഫ് ഗോളാണ് സ്കോട്ട്ലന്ഡിന് ആശ്വാസമായത്.
ടൂര്ണമെന്റില് ജര്മ്മനിയുടെ ആദ്യ ഗോളിന് അവകാശിയായതോടെ ഒരു കിടിലന് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് 21കാരന് ഫ്ലോറിയന് വിര്ട്സ്. യൂറോ കപ്പില് ജര്മനിക്കായി ഗോള് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് താരം സ്വന്തം പേരിലെഴുതിച്ചേര്ത്തത്. സ്കോട്ട്ലന്ഡിനെതിരെ ഗോള് നേടുമ്പോള് 21 വര്ഷവും 42 ദിവസവുമായിരുന്നു വിര്ട്സിന്റെ പ്രായം. കൈ ഹാവര്ട്സിന്റെ റെക്കോഡാണ് ഇതോടെ വിര്ട്സ് പഴങ്കഥയാക്കിയത്. 2020 യൂറോ കപ്പിലാണ് 22കാരനായ ഹാവര്ട്സ് ജര്മ്മനിക്ക് വേണ്ടി ഗോള് നേടിയത്.
യൂറോ കപ്പിന് വെടിക്കെട്ട് തുടക്കം; ജര്മ്മന് പടയോട്ടത്തില് സ്കോട്ട്ലന്ഡ് തരിപ്പണം
2024 യൂറോ കപ്പില് ആതിഥേയരായ ജര്മനിയുടെ ശ്രദ്ധേയനായ യുവ താരമാണ് ഫ്ളോറിയന് വിര്ട്സ്. അറ്റാക്കിങ് മിഡ്ഫീല്ഡറായ വിര്ട്സ് നിലവില് ജര്മ്മന് ക്ലബ്ബായ ലെവര്കൂസനു വേണ്ടിയാണ് പന്ത് തട്ടുന്നത്. ലെവര്കൂസന്റെ ജര്മ്മന് ബുണ്ടസ് ലിഗ, ജര്മ്മന് കപ്പ് തുടങ്ങിയ കിരീടനേട്ടങ്ങളില് നിര്ണായക പങ്കുവഹിച്ച താരമാണ് വിര്ട്സ്. ലെവര്കൂസന് വേണ്ടി 2023 2024 സീസണില് 49 മത്സരങ്ങളില് നിന്ന് 18 ഗോളും 20 അസിസ്റ്റും വിര്ട്സ് സ്വന്തമാക്കി.