ലണ്ടന്: ചെല്സിയുടെ പരിശീലകസ്ഥാനമൊഴിഞ്ഞ് മൗറീഷ്യോ പൊച്ചെറ്റീനോ. ഒരു വര്ഷത്തെ സേവനത്തിന് ശേഷമാണ് അര്ജന്റീനക്കാരനായ പൊച്ചെറ്റീനോ സ്റ്റാംഫോര്ഡ് ബ്രിഡ്ജിന്റെ പടിയിറങ്ങുന്നത്. പരസ്പര ധാരണയോടെയാണ് ചെല്സിയും പൊച്ചെറ്റീനോയും വേര്പിരിഞ്ഞതെന്നാണ് റിപ്പോര്ട്ടുകള്.
Club statement: Mauricio Pochettino
ചെല്സിയുടെ ചരിത്രത്തിന്റെ ഭാഗമാവാന് സാധിച്ചതില് ക്ലബ്ബ് ഉടമസ്ഥര്ക്കും സ്പോര്ട്ടിംഗ് ഡയറക്ടര്മാര്ക്കും പൊച്ചെറ്റീനോ നന്ദി അറിയിച്ചു. പൊച്ചെറ്റീനോയുടെ സേവനത്തിന് നന്ദി അറിയിച്ച് ചെല്സിയുടെ സ്പോര്ട്സ് ഡയറക്ടര്മാരായ ലോറന്സ് സ്റ്റുവര്ട്ടും പോള് വിന്സ്റ്റാന്ലിയും രംഗത്തെത്തി. 'പൊച്ചെറ്റീനോയുടെ എപ്പോള് വേണമെങ്കിലും സ്റ്റാംഫോര്ഡ് ബ്രിഡ്ജിലേക്ക് വരാം. അദ്ദേഹത്തിന്റെ ഭാവി പരിശീലകജീവിതത്തില് എല്ലാ ആശംസകളും നേരുന്നു', ചെല്സി പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ സീസണിലാണ് മുന് ടോട്ടനം കോച്ചായ പൊച്ചെറ്റീനോ ചെല്സിയിലെത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര് ലീഗില് മോശം പ്രകടനത്തിന് ശേഷം ചെല്സിയെ ആറാം സ്ഥാനത്തെത്തിക്കാന് പോച്ചെറ്റീനോയ്ക്ക് സാധിച്ചിരുന്നു. ഇതിന് പുറമെ ലീഗ് കപ്പ് ഫൈനലിലും എഫ് എ കപ്പ് സെമിയിലും നീലപ്പടയെ എത്തിക്കാന് 52കാരനായ പൊച്ചെറ്റീനോയ്ക്ക് കഴിഞ്ഞു.