സാവിയുടെ മനസ്സു മാറി; ബാഴ്സയുടെ പരിശീലകനായി ഇതിഹാസ താരം തുടരും

ജനുവരിയിലായിരുന്നു ബാഴ്സ വിടുമെന്ന് സാവി പ്രഖ്യാപിച്ചത്

ബാഴ്സലോണ: ബാഴ്സലോണ ക്ലബ്ബിന്റെ പരിശീലകനായി ഇതിഹാസ താരം സാവി ഹെർണാണ്ടസ് തന്നെ തുടരും. സീസണിന്റെ അവസാനത്തോടെ പരിശീലക സ്ഥാനമൊഴിയുമെന്ന് സാവി പ്രഖ്യാപിച്ചിരുന്നു. എന്നാല് ഈ തീരുമാനം മാറ്റിയെന്നും 2024-25 സീസണിൽ ബാഴ്സയുടെ കോച്ചായി തുടരാൻ സാവി സമ്മതിച്ചെന്നും ക്ലബ്ബ് വക്താവ് സ്ഥിരീകരിച്ചു.

🚨 𝐁𝐑𝐄𝐀𝐊𝐈𝐍𝐆: Xavi has decided he will STAY as Barcelona manager, @FabrizioRomano reports. ✅👔 pic.twitter.com/RbblWp5pbl

ജനുവരിയിലായിരുന്നു ബാഴ്സ വിടുമെന്ന് സാവി പ്രഖ്യാപിച്ചത്. ക്ലബിനെ മുന്നേറ്റത്തിലേക്ക് നയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ക്ലബ് വിടുന്നതെന്നായിരുന്നു സാവിയുടെ വിശദീകരണം. വിയ്യാറയലിനെതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ബാഴ്സയുടെ മുൻ താരം കൂടിയായ സാവി തീരുമാനം അറിയിച്ചത്.

2021 നവംബറിലാണ് ബാഴ്സ പരിശീലകനായി സാവി എത്തുന്നത്. 2022-23 സീസണിൽ ബാഴ്സയെ സ്പാനിഷ് ലീഗിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു. എങ്കിലും ഈ സീസണിൽ തുടർതോൽവികൾ നേരിടുകയാണ് കറ്റാലിയൻ സംഘം. 1998 മുതൽ 2015 വരെ സാവി ബാഴ്സയിൽ കളിച്ചിരുന്നു. ബാഴ്സയുടെ സുവർണ കാലഘട്ടത്തിലെ നിർണായക സാന്നിധ്യമാണ് സാവി ഹെർണാണ്ടസ്.

To advertise here,contact us