ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതുചരിത്രമെഴുതി ആഴ്സണൽ. തുടർച്ചയായ മൂന്ന് എവേ മത്സരങ്ങളിൽ അഞ്ചിലധികം ഗോൾ നേടുകയും ഒരു ഗോൾ വഴങ്ങാതിരിക്കുകയും ചെയ്യുന്ന ആദ്യ ടീമായി ആഴ്സണൽ. ഇന്ന് നടന്ന മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗണ്ണേഴ്സ് സംഘം ചരിത്രം കുറിച്ചത്. മുമ്പ് വെസ്റ്റ് ഹാമിനെ 6-0ത്തിനും ബേൺലിയെ 5-0ത്തിനും ആഴ്സണൽ പരാജയപ്പെടുത്തിയിരുന്നു.
ഷെഫീൽഡ് യുണൈറ്റഡിനെതിരായ മത്സരത്തിൽ 39 മിനിറ്റിനുള്ളിൽ തന്നെ ഗണ്ണേഴ്സ് സംഘം അഞ്ച് ഗോളുകൾക്ക് മുന്നിലെത്തി. ഈ സമയത്ത് ആഴ്സണൽ സംഘം 80 ശതമാനവും പന്ത് കൈവശം വെച്ചിരുന്നു. 16 ഷോട്ടുകളും ഈ സമയത്തിനുള്ളിൽ ആഴ്സണൽ താരങ്ങൾ അടിച്ചു കഴിഞ്ഞിരുന്നു.
ബ്ലാസ്റ്റേഴ്സ് നോട്ടമിട്ട ഗോൾ കീപ്പർ നോർത്ത് ഈസ്റ്റിൽ; ഐഎസ്എല്ലിൽ നടന്നത് ചരിത്ര മാറ്റം
അഞ്ചാം മിനിറ്റിൽ മാർട്ടിൻ ഒഡെഗാഡ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. 13-ാം മിനിറ്റിൽ ജെയ്ഡൻ ബോഗ്ലെയുടെ സെൽഫ് ഗോൾ ആഴ്സണലിനെ വീണ്ടും മുന്നിലെത്തിച്ചു. 15-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനലി, 25-ാം മിനിറ്റിൽ കെയ് ഹവേർട്സ്, 39-ാം മിനിറ്റിൽ ഡെക്ലാൻ റൈസ് എന്നിവർ ഗോളുകൾ നേടി. രണ്ടാം പകുതിയിൽ 58-ാം മിനിറ്റിൽ ബെൻ വൈറ്റ് കൂടെ ഗോൾ നേടിയതോടെ ആഴ്സണൽ ആറ് ഗോളുകൾക്ക് മുന്നിലായി.