ദിമിക്ക് മറുപടി കൊടുത്ത് റോയ് കൃഷ്ണ; ഒഡീഷയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്വി

ആദ്യപകുതിയില് ദിമിത്രിയോസിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്

ദിമിക്ക് മറുപടി കൊടുത്ത് റോയ് കൃഷ്ണ; ഒഡീഷയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്വി
dot image

ഭുവനേശ്വര്: ഇന്ത്യന് സൂപ്പര് ലീഗില് കരുത്തരായ ഒഡീഷ എഫ്സിക്കെതിരെ നടന്ന മത്സരത്തില് കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് ബ്ലാസ്റ്റേഴ്സ് മുട്ടുകുത്തിയത്. ആദ്യപകുതിയില് ദിമിത്രിയോസ് ഡയമന്റകോസിലൂടെ ലീഡെടുത്ത ബ്ലാസ്റ്റേഴ്സ് ഒഡീഷയുടെ സ്റ്റാര് സ്ട്രൈക്കര് റോയ് കൃഷ്ണ നേടിയ ഇരട്ട ഗോളില് അടിയറവ് പറഞ്ഞു. സീസണില് ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന നാലാം തോല്വിയാണിത്.

ഒഡീഷയുടെ തട്ടകമായ ഭുവനേശ്വറില് നടന്ന മത്സരത്തിന്റെ 11-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. മലയാളി താരം നിഹാലിന്റെ അസിസ്റ്റില് നിന്ന് ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്ട്രൈക്കര് ദിമിത്രിയോസ് ഡയമന്റകോസാണ് ആദ്യ ഗോള് നേടിയത്. വലതു വിങ്ങില് നിന്നും ഒഡീഷയുടെ ബോക്സിലേക്ക് മുന്നേറിയ നിഹാല് പിഴവുകളില്ലാതെ ഡയമന്റകോസിന് പന്ത് കൈമാറി. പിന്നീട് ദിമിയുടെ കിടിലന് ഫിനിഷില് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി.

എന്നാല് രണ്ടാം പകുതി ഒഡീഷയുടേതായിരുന്നു. നാല് മിനിറ്റുകളുടെ വ്യത്യാസത്തില് ബ്ലാസ്റ്റേഴ്സിന് രണ്ട് കിടിലന് മറുപടിയുമായി റോയ് കൃഷ്ണ അവതരിച്ചു. 53-ാം മിനിറ്റില് കോര്ണറില് നിന്ന് അഹമ്മദ് ജാഹൂവിന്റെ ക്രോസ് റോയ് കൃഷ്ണ വലയിലേക്ക് പായിച്ചു. ഇതോടെ ഒഡീഷ ബ്ലാസ്റ്റേഴ്സിനൊപ്പമെത്തി.

സമനില ഗോള് വഴങ്ങിയതിന്റെ ആഘാതം മാറുന്നതിനുള്ളില് ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും വഴങ്ങി. 57-ാം മിനിറ്റില് റോയ് കൃഷ്ണ തകര്പ്പന് ഹെഡറിലൂടെ ഒഡീഷയെ മുന്നിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് ഗോള്കീപ്പര് സച്ചിന് സുരേഷിന് കാഴ്ചക്കാരനായി നില്ക്കാനേ സാധിച്ചുള്ളൂ. ലീഡെടുത്തതോടെ ഒഡീഷ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഒപ്പമെത്താന് ബ്ലാസ്റ്റേഴ്സ് താരങ്ങള് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റോയ് കൃഷ്ണയുടെ ഇരട്ടഗോളില് ഒഡീഷ വിജയമുറപ്പിച്ചു.

വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് പോയിന്റ് ടേബിളില് രണ്ടാം സ്ഥാനത്തേക്ക് മുന്നേറാന് ഒഡീഷ എഫ്സിക്ക് സാധിച്ചു. ഐഎസ്എല് ഇടവേളയ്ക്ക് പിരിയുമ്പോള് ലീഗില് ഒന്നാമതായിരുന്നു ബ്ലാസ്റ്റേഴ്സ്. എന്നാല് ഇന്നലത്തെ മത്സരത്തില് ഹൈദരാബാദിനെ തോല്പ്പിച്ചതോടെ ഗോവ ഒന്നാം സ്ഥാനത്തെത്തുകയും ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്വാങ്ങുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us