വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ സിറ്റി; തോൽവി തുടർന്ന് ചെൽസി

വെറും 28 ശതമാനം പന്ത് കൈവശം വെച്ച എവർട്ടൺ 16 ഷോട്ടുകൾ പായിച്ചു.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിലെ കന്നിക്കാരായ ലൂട്ടൺ ടൗണിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്നു പെപ് ഗ്വാർഡിയോളയുടെ ടീം. എങ്കിലും രണ്ടാം പകുതിയിൽ ബെർണാഡോ സിൽവയുടെയും ജാക്ക് ഗ്രീലിഷിന്റെയും ഗോളുകളിൽ സിറ്റി തിരിച്ചുവന്നു. മൂന്ന് സമനിലയ്ക്കും കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൺ വില്ലയോടേറ്റ തോൽവിക്കും ശേഷമാണ് സിറ്റിയുടെ തിരിച്ചുവരവ്.

മറ്റൊരു മത്സരത്തിൽ എവർട്ടണിനോട് എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസി തോൽവി വഴങ്ങി. മത്സരത്തിന്റെ 72 ശതമാനവും പന്ത് നിയന്ത്രിച്ചത് ചെൽസി ആയിരുന്നു. ഒമ്പത് ഷോട്ടുകൾ ഉതിർത്ത ചെൽസി താരങ്ങൾ അഞ്ചെണ്ണം ഗോൾപോസ്റ്റിനെ ലക്ഷ്യം വെച്ചു. എന്നാൽ വെറും 28 ശതമാനം പന്ത് കൈവശം വെച്ച എവർട്ടൺ 16 ഷോട്ടുകൾ പായിച്ചു. നാലെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.

ക്രിക്കറ്റ് ജീവിതത്തിലെ വലിയ ലക്ഷ്യം ഇന്ത്യൻ ടീമിലെ സ്ഥാനം: സജന സജീവൻ

വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ ഫുൾഹാം ഗോൾ മഴ വർഷിച്ചു. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഫുൾഹാം വെസ്റ്റ് ഹാമിനെ തകർത്തത്. പോയിന്റ് ടേബിളിൽ ലിവർപൂൾ ഒന്നാമതും ആഴ്സണൽ രണ്ടാമതുമാണ്. ആസ്റ്റൺ വില്ല മൂന്നാം സ്ഥാനത്തും മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തുമുണ്ട്.

To advertise here,contact us