'കൂട്ടക്കൊല അവസാനിപ്പിക്കൂ, ഗാസയെ സഹായിക്കൂ'; അഭ്യർത്ഥനയുമായി മുഹമ്മദ് സലാ

ലിവർപൂളിനൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും സലാ വിജയിച്ചിട്ടുണ്ട്.

ലിവർപൂൾ: ഇസ്രായേലും പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലും കൂട്ടക്കൊലകളും അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഫുട്ബോൾ താരം മുഹമ്മദ് സലാ. ഈജിപ്തിന്റെയും ലിവർപൂളിന്റെയും താരമാണ് മുഹമ്മദ് സലാ. ആക്രമണം അവസാനിപ്പിച്ച് ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കണമെന്നാണ് സലായുടെ അഭ്യർത്ഥന. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,400 ഓളം പേരുടെ ജീവൻ അപഹരിക്കപ്പെട്ടു. പിന്നാലെ ഗാസയ്ക്ക് നേരെ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയതിനാൽ പ്രദേശം കടുത്ത ക്ഷാമം നേരിടുന്നതായും മുഹമ്മദ് സലാ ചൂണ്ടിക്കാട്ടി.

pic.twitter.com/cpyHFIhuQj

അറബ് ലോകത്ത് ഏറെ അറിയപ്പെടുന്ന താരമാണ് 31കാരനായ മുഹമ്മദ് സലാ. ലിവർപൂളിനൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും സലാ വിജയിച്ചിട്ടുണ്ട്. ഈജിപ്ത് ടീമിന്റെ നായകനുമാണ് സലാ. ഇപ്പോൾ നടക്കുന്ന ക്രൂരതകളെക്കുറിച്ച് സംസാരിക്കുന്നത് വിഷമകരമെന്ന് സലാ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. കുടുംബങ്ങൾ ശിഥിലമാകുകയാണ്. അടുത്ത ദിവസങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയില്ലെന്നും സലാ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഗാസ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ റോക്കറ്റ് ആക്രമത്തിൽ 500ലധികം പേർ മരണപ്പെട്ടിരുന്നു. എന്നാൽ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തില്ല. ഗാസയിൽ നിന്നുള്ള ആക്രമണം പിഴച്ചതാണ് അപകടത്തിന് കാരണമെന്ന് ഇസ്രായേൽ വാദം.

To advertise here,contact us