ബലോൻ ദ് ഓറിന് ആരെല്ലാം? പുരസ്കാര പട്ടിക ഇന്നറിയാം

കരീം ബെൻസീമയാണ് നിലവിലത്തെ ബലോൻ ദ് ഓർ ജേതാവ്

പാരിസ്: ഈ വർഷത്തെ ബലോൻ ദ് ഓർ പുരസ്കാരത്തിനുള്ള താരങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ലോകകപ്പ് വിജയിയായ ലയണൽ മെസ്സിയും മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടിയന്ത്രം എർലിങ് ഹാളണ്ട് തുടങ്ങിയവരും പട്ടികയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. കിലിയൻ എംബാപ്പ, വിനീഷ്യസ് ജൂനിയർ, കെവിൻ ഡി ബ്രൂയ്നെ, റോഡ്രിഗോ ഹെർണാണ്ടസ് തുടങ്ങിയവരും പട്ടികയിൽ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

30 പുരുഷ താരങ്ങളും 20 വനിത താരങ്ങളും ബലോൻ ദ് ഓർ പുരസ്കാരത്തിനായി മത്സരിക്കും. യുവേഫ ജേതാവ് ഐറ്റാന ബോൺമതിയാണ് വനിതകളുടെ പട്ടികയിൽ ഇടം ഉറപ്പുള്ള താരം. മികച്ച ഗോൾ കീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി പട്ടികയിൽ 10 താരങ്ങൾക്കാണ് ഇടം ലഭിക്കുക. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് പുരസ്കാര പട്ടിക പ്രഖ്യാപിക്കുന്നത്. ഒക്ടോബർ 30നാണ് ജേതാവിനെ പ്രഖ്യാപിക്കുക.

അർജന്റീനയുടെ ലോകകപ്പ് വിജയം, മികച്ച ലോകകപ്പ് താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം, ഫ്രഞ്ച് ലീഗ് കിരീടം, പിഎസ്ജിക്കായി 38 ഗോളുകൾ, 25 അസിസ്റ്റുകൾ തുടങ്ങിയവയാണ് മെസ്സിക്ക് അനുകൂലമായ കണക്കുകൾ. നിലവിൽ ഏഴ് തവണ മെസ്സി ബലോൻ ദ് ഓർ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ ട്രബിൾ നേട്ടം, പ്രീമിയർ ലീഗിൽ ഒരു സീസണിൽ കൂടുതൽ ഗോളുകൾ, കഴിഞ്ഞ സീസണിൽ സിറ്റിക്ക് വേണ്ടി 53 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ തുടങ്ങിയവയാണ് ഹാളണ്ടിന് അനുകൂലമാകുന്നത്. ആദ്യ ബലോൻ ദ് ഓർ പുരസ്കാരമാണ് ഹാളണ്ട് ലക്ഷ്യമിടുന്നത്.

ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം, പിഎസ്ജിക്കായി കഴിഞ്ഞ സീസണിലെ 50 ൽ അധികം ഗോളുകൾ, ഫ്രഞ്ച് ലീഗ് കിരീടം തുടങ്ങിയവയാണ് കിലിയൻ എംബാപ്പെയുടെ കണക്കുകളിലുള്ളത്. മാഞ്ചസ്റ്റർ സിറ്റി മധ്യനിരയിലെ മികച്ച പ്രകടനമാണ് കെവിൻ ഡി ബ്രൂയ്നെയ്ക്കും റോഡ്രിഗോ ഹെർണാണ്ടസിനും അനുകൂലമാകുന്നത്.

റയൽ മാഡ്രിഡിനായി നടത്തിയ മിന്നും പ്രകടനമാണ് വിനീഷ്യസ് ജൂനിയറിന് അനുകൂലമാകുന്നത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി 25 ഗോളുകളും 26 അസിസ്റ്റുകളും ബ്രസീൽ താരം നേടിയിട്ടുണ്ട്. കോപ്പ ഡെൽ റെ, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് തുടങ്ങിയ കിരീടങ്ങളും റയൽ താരമായ വിനീഷ്യസ് നേടികഴിഞ്ഞിട്ടുണ്ട്.

To advertise here,contact us