വാഷിംഗ്ടൺ: ആരാധകർക്കിടയിൽ നിന്ന്, വിരമിക്കൽ ചോദ്യം വീണ്ടും നേരിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ. അമേരിക്കയിലെ ഒരു പൊതുപരിപാടിക്കിടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരമിക്കൽ ചോദ്യം നേരിട്ടത്. താൻ ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ചിന്തിക്കുന്നില്ലെന്നാണ് ചോദ്യത്തോട് താരത്തിന്റെ പ്രതികരണം. കുറച്ചുകാലത്തേയ്ക്ക് തന്നെ ഇന്ത്യൻ ടീമിനൊപ്പം കാണാൻ കഴിയുമെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.
ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രോഹിത് ശർമ്മ കുട്ടിക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഏകദിന, ടെസ്റ്റ് ക്രിക്കറ്റിന്റെ നായകനായി രോഹിത് ശർമ്മ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിരമിക്കുമ്പോൾ അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം രോഹിത് ശർമ്മയാണ്.
ഈ നഷ്ടങ്ങൾ ഏറെക്കാലത്തേക്ക് വേദനിപ്പിക്കും: ഹാരി കെയ്ൻ
159 ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച രോഹിത് ശർമ്മ 4,231 റൺസാണ് സ്വന്തം പേരിലാക്കിയത്. അഞ്ച് സെഞ്ച്വറികൾ ഉൾപ്പടെയാണ് താരത്തിന്റെ നേട്ടം. ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളിൽ ഇന്ത്യൻ ക്യാപ്റ്റന് മുന്നിൽ വലിയ രണ്ട് ഉത്തരവാദിത്തങ്ങൾ നിലനിൽക്കുകയാണ്. 2025ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയും പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഇന്ത്യയ്ക്കായി സ്വന്തമാക്കുകയാണ് രോഹിത് ശർമ്മയ്ക്ക് മുന്നിലുള്ള ഉത്തരവാദിത്തങ്ങൾ.