ഒരുപക്ഷേ ഇത് ലോകാരംഭത്തിലെ എഴുതപ്പെട്ട കഥയാവും. 2007ല് വെസ്റ്റ് ഇൻഡീസിൽ തലകുനിച്ച മടങ്ങിയ ഒരു ഇന്ത്യൻ ടീമുണ്ടായിരുന്നു. ലോകകപ്പ് ആദ്യ ഘട്ടത്തിൽ പരാജയപ്പെട്ട രാഹുൽ ദ്രാവിഡ് നായകനായ ഇന്ത്യൻ ടീം. അതേ മണ്ണില് 2024ല് വിജയക്കൊടി ഉയര്ന്ന കഥ. 2023ൽ അഹമ്മദാബാദിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകപോരാട്ടം പരാജയപ്പെട്ടുപോയി. ആറ് മാസത്തിന് ശേഷം ഇന്ത്യൻ ടീമിൻറെ കണ്ണീര് ബാര്ബഡോസ് സമുദ്രത്തിലേക്ക് ഒഴുകിയെത്തുമെന്നത് ചരിത്രം. വന്മതിലിനും ഹിറ്റ്മാനും രാജാവിനുമെല്ലാം കാലം നീതി നല്കി. ഇന്ത്യയ്ക്കായി എഴുതിയ തിരക്കഥ പൂര്ത്തിയായി.
ഇനി തിരിച്ചുവരവ്. കരീബിയന് പ്രതാപത്തില് നിന്നും ക്രിക്കറ്റ് മതമായ നാട്ടിലേക്ക്. കാലത്തിന്റെ തിരക്കഥയില് തിരിച്ചുവരവ് വൈകി. ലോകചാമ്പ്യന്മാരുടെ വരവിനായി ഒരു രാജ്യം കാത്തിരുന്നു. ഇടവിട്ട പെയ്ത മഴ ആരാധക ആവേശം ചോർത്തിയില്ല. ആദ്യം ഡല്ഹിയില് വിമാനമിറങ്ങി. പിന്നെ മുംബൈയിലേക്ക്. വാട്ടര് സല്യൂട്ട് നല്കി മുംബൈയില് സ്വീകരണം.
എന്റെയും രോഹിത് ശർമ്മയുടെയും ഏറെക്കാലത്തെ ആഗ്രഹം; വിരാട് കോഹ്ലി
ഒരു മണിക്കൂറോളം വൈകിയാണ് ഇന്ത്യന് ടീം മുംബൈയിലെത്തിയത്. പക്ഷേ ആരാധക ആവേശം മണിക്കൂറുകള് മുമ്പെ മറൈന് ഡ്രൈവില് തടിച്ചുകൂടി. ബ്യൂണസ് ഐറിസിനെ ഓർമ്മപ്പെടുത്തിയ ദൃശ്യങ്ങൾ. വാങ്കഡെ വരെ നീണ്ട നീലക്കടല്. ചാമ്പ്യന്മാര് വാങ്കഡെയില് വന്നിറങ്ങി. ത്രിവർണ പതാക ഉയർന്നു. ദേശീയ ഗാനം ഉയർന്നു. നന്ദി ടീം ഇന്ത്യയ്ക്ക്. ഈ നിമിഷങ്ങൾക്ക് നന്ദി. തലമുറകൾക്ക് പ്രോത്സാഹനമാകാൻ ഈ വിജയങ്ങൾ മതി.