ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുകയാണ്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് കുട്ടിക്രിക്കറ്റിലെ വിശ്വകിരീടം സ്വന്തമാക്കാൻ ബാർബഡോസിലെ കെൻസിങ് ടൺ ഓവലിൽ രാത്രി എട്ട് മണിക്ക് ഹിറ്റ്മാനും സംഘവും ഇറങ്ങും. മലയാളി താരം സഞ്ജു സാംസണ് ടീമിലുള്ളതുകൊണ്ടുതന്നെ മലയാളികള്ക്ക് ഈ ലോകകപ്പ് ഫൈനലിനോട് ആവേശം അല്പ്പം കൂടുതലാണ്. ലോകകപ്പ് വിജയിക്കുന്ന ഇന്ത്യന് ടീമിനൊപ്പം സഞ്ജുവും ആഘോഷിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്.
അതേസമയം തങ്ങളുടെ പ്രിയപ്പെട്ട സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളത്തിലിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്. ടൂര്ണമെന്റില് ഇതുവരെ സഞ്ജുവിനെ ബാറ്റേല്പ്പിക്കാന് ഇന്ത്യ തയ്യാറായിട്ടില്ല. ഐപിഎല്ലില് വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം ബെഞ്ചിലിരുത്തിയത് വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
'രോഹിത് നിസ്വാര്ത്ഥനായ ക്യാപ്റ്റന്'; ഇന്ത്യ ലോകകപ്പ് അര്ഹിക്കുന്നെന്ന് പാക് ഇതിഹാസം
കലാശപ്പോരിൽ ഇന്ത്യ പ്ലേയിങ് ഇലവനിൽ മാറ്റം വരുത്തണമെന്ന ആവശ്യവും ശക്തമാണ്. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് വൺ ഡൗൺ പൊസിഷനിൽ നിർണായക പ്രകടനം കാഴ്ച വെക്കുമ്പോൾ ശിവം ദുബെ നിരാശപ്പെടുത്തുകയാണ് ചെയ്യുന്നത്. ദുബെ മോശം ഫോമില് തുടരുന്നതുകൊണ്ടുതന്നെ ആ സ്ഥാനത്തേക്ക് സഞ്ജു സാംസണെയോ യശ്വസി ജയ്സ്വാളിനെയോ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. ഇന്ത്യ വിരാട് കോഹ്ലിയെ ഓപ്പണിങ്ങില് നിന്ന് മാറ്റില്ലെന്ന് രോഹിത് ശര്മ വ്യക്തമാക്കിയതിനാല് ജയ്സ്വാളിന് കളിക്കാനുള്ള സാധ്യത കുറവാണ്. അതേസമയം മധ്യനിരയില് സഞ്ജു അവസരം അര്ഹിക്കുന്നുമുണ്ട്.
എന്നാൽ വിജയ ഫോർമുല പൊളിക്കാൻ ടീം മാനേജ്മെന്റ് തയ്യാറായേക്കില്ല. പേസർമാർക്ക് അനുകൂലമായ പിച്ചാണ് കെൻസിങ് ടൺ ഓവലിലേത്. ആദ്യ ഓവറുകളിൽ ബാറ്റർമാരെ പ്രതിരോധിക്കാൻ പേസർമാർക്ക് സാധിക്കും. എന്നാൽ തുടക്കത്തിലെ വെല്ലുവിളി മറികടക്കുന്ന ബാറ്റര്മാര്ക്ക് മത്സരം പുരോഗമിക്കുന്നതിന് അനുസരിച്ച് മികച്ച റൺസ് നേടാൻ സാധിക്കും.
അതേസമയം സഞ്ജുവിനെ കളത്തിലിറക്കിയാൽ ഇന്ത്യ കപ്പുയർത്താനുള്ള സാധ്യതയുണ്ടെന്നാണ് ചില ആരാധകരുടെ വാദം. കാരണം ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം ഒരു മലയാളി സാന്നിധ്യം ടീമിലുണ്ടായിരുന്നു. 1983ലെ ലോകകപ്പ് ടീമില് മലയാളി താരം സുനില് വത്സന് ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിച്ചിരുന്നില്ല. എന്നിട്ടും ഇന്ത്യക്ക് കപ്പിലേക്കെത്താന് സാധിച്ചു. അതേസമയം 2007ലെ ടി20 ലോകകപ്പില് മലയാളി പേസറായ ശ്രീശാന്തിന് കളിക്കാന് അവസരം ലഭിച്ചു.
ലോകകപ്പ് കളിക്കാന് ഭാഗ്യം ലഭിക്കുന്ന ആദ്യ മലയാളിയും ഏക മലയാളിയും ശ്രീശാന്താണ്. ഇത്തവണ സഞ്ജുവിന് അവസരം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആരാധകരെ ഇതുവരെ കാത്തിരുന്നത് നിരാശയാണ്. എന്നാൽ ഫൈനലിന് സഞ്ജുവിനെ ഇറക്കി അപ്രതീക്ഷിത ട്വിസ്റ്റിന് ഇന്ത്യ ഒരുങ്ങിയാൽ ചരിത്രം ആവർത്തിക്കാനും സൃഷ്ടിക്കാനും സാധിച്ചേക്കും.