സിംബാബ്വെ ടി20 പരമ്പര; ഗിൽ നയിക്കും, സഞ്ജു സാംസൺ ഒന്നാം കീപ്പർ

യുവതാരം ശുഭ്മൻ ഗിൽ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്

ന്യൂഡൽഹി: സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. യുവതാരം ശുഭ്മൻ ഗിൽ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് തുടങ്ങിയവർക്കു വിശ്രമം അനുവദിച്ചു. നിലവിൽ ലോകകപ്പ് ടീമിനൊപ്പമുള്ള സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിങ്കു സിങ് എന്നിവർ ടീമിലുണ്ട്. ലോകകപ്പിൽ ഇതുവരെ ഒരു മത്സരത്തിനും ഇറങ്ങാത്ത സഞ്ജു സാംസണാണ് ട്വന്റി20 ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. ധ്രുവ് ജുറെലാണ് മറ്റൊരു വിക്കറ്റ് കീപ്പർ. ഇഷൻ കിഷന് ലോകകപ്പ് സ്ക്വാഡിലെന്ന പോലെ സിംബാബ്വെ പര്യടന ടീമിലും ഉൾപ്പെടാൻ സാധിച്ചില്ല.

ഇന്ത്യന് പ്രീമിയർ ലീഗ് 2024 സീസണിൽ ഗംഭീര പ്രകടനം പുറത്തെടുത്ത താരങ്ങളെയും ബിസിസിഐ പരിഗണിച്ചു.അഭിഷേക് ശര്മ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, തുഷാർ ദേശ്പാണ്ഡെ എന്നിവർക്ക് ദേശീയ ടീമിലേക്ക് ആദ്യ വിളിയെത്തി. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ എന്നിവർക്കും വിശ്രമം അനുവദിച്ചതോടെ സ്പിന്നർമാരായി വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയ് എന്നിവരാണ് ടീമിലുള്ളത്. ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ , തുഷാർ ദേശ്പാണ്ഡെ എന്നിവർ പേസർമാരായി ടീമിലുണ്ട്.

പരിശീലകനായി ഗംഭീർ ഉടൻ സ്ഥാനമേറ്റെടുക്കാൻ സാധ്യതയില്ലാത്തതിനാൽ വിവിഎസ് ലക്ഷ്മൺ ആണ് പരിശീലക സ്ഥാനത്തെത്തുക. സിംബാബ്വെ പരമ്പരയ്ക്ക് ശേഷമുള്ള ശ്രീലങ്കൻ പര്യടനത്തിലാവും ഗംഭീർ ടീമിനൊപ്പം ചേരുകയെന്നാണ് ഇപ്പോള് പുറത്തുവരുന്ന വിവരം. ലോകകപ്പിനു പിന്നാലെ ജൂലൈ ആറിനാണ് ഇന്ത്യ–സിംബാബ്വെ പരമ്പരയ്ക്കു തുടക്കമാകുന്നത്.

സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം:

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശർമ, റിങ്കു സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), നിതീഷ് റെഡ്ഡി, റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ , തുഷാർ ദേശ്പാണ്ഡെ.

To advertise here,contact us