സൂപ്പർ 8 ഇന്ത്യ-ബംഗ്ലാദേശ്; ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു പുറത്ത് തന്നെ

സൂപ്പർ എട്ടിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെ 47 റൺസിന് തോൽപ്പിച്ച ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്

ആന്റിഗ്വ: സൂപ്പർ എട്ടിൽ രണ്ടാം വിജയത്തോടെ സെമി ഉറപ്പിക്കാൻ ഇറങ്ങുന്ന ഇന്ത്യക്ക് ആദ്യം ബാറ്റിങ്. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ ബൗളിങ് തിരഞ്ഞെടുത്തു. ആന്റിഗ്വയിലെ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ശനിയാഴ്ച്ച രാത്രി എട്ടുമുതലാണ് മത്സരം. സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ ഓസീസിനോട് തോറ്റ ബംഗ്ലാദേശിന് വിജയം അനിവാര്യമാണ്. ബംഗ്ലാദേശുമായി അവസാനം ഏറ്റുമുട്ടിയ അഞ്ച് ടി-20 മത്സരങ്ങളിൽ നാലെണ്ണത്തിലും ഇന്ത്യക്കായിരുന്നു ജയം. അതെ സമയം ശിവം ദുബൈയ്ക്ക് പകരം ആദ്യ ഇലവനിലെത്തുമെന്ന് കരുതിയിരുന്ന മലയാളി താരം സഞ്ജു സാംസൺ ഇന്നും ടീമിലിടം പിടിച്ചില്ല.

സൂപ്പർ എട്ടിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെ 47 റൺസിന് തോൽപ്പിച്ച ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാർയാദവ്(53), ഹാർദിക് പാണ്ഡ്യ(32)യും ബാറ്റിങ്ങിൽ തിളങ്ങിയപ്പോഴും കോഹ്ലി, രോഹിത് അടക്കമുള്ള മറ്റ് ബാറ്റിങ് മുന്നേറ്റ നിര ഇത് വരെ ഫോമിലേക്ക് എത്താത്തത് ആശങ്കയുണ്ട്. അതെ സമയം ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ പേസും കുൽദീപ് യാദവിന്റെ നേതൃത്വത്തില് സ്പിൻ ബൗളിങ് നിരയും മികച്ച പ്രകടനം തുടരുന്നത് ടീമിന് ആത്മവിശ്വാസം നൽകുന്നു.

നല്ല സ്കോർ പിറക്കുന്ന പിച്ചാണ് ആന്റിഗ്വയിലേത്. യുഎസിനെതിരേ ദക്ഷിണാഫ്രിക്ക 194 റൺസെടുത്തത് ഇവിടെയാണ്. യുഎസും 176 റൺസടിച്ചു. ബംഗ്ലാദേശിനെതിരേ ഓസ്ട്രേലിയ മികച്ച രീതിയിൽ ബാറ്റ് ചെയ്യുമ്പോഴാണ് മഴയെത്തിയത്. എന്നാൽ, ശനിയാഴ്ച മഴ തടസ്സമാകില്ലെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. പിച്ചിൽ സ്പിന്നിന് ആനുകൂല്യം കൂടുതൽ ലഭിക്കാനും സാധ്യതയുണ്ട്.

അയൽക്കാരെ മറികടന്ന് സെമി കടക്കാൻ ഇന്ത്യ; സഞ്ജു കളിച്ചേക്കും

To advertise here,contact us