ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഇന്ന് സൂപ്പർ എട്ട് മത്സരങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ കളിച്ച ടീമിൽ നിന്നും ഒരു മാറ്റം ഉണ്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥിരീകരിച്ചു. വെസ്റ്റ് ഇൻഡീസിലെ സാഹചര്യം അമേരിക്കയിൽ നിന്നും വ്യത്യസ്തമാണ്. ഒരു ടീമിനെ പ്രഖ്യാപിക്കുക പ്രയാസമാണ്. എന്നാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഒരു ടീമിനെ പ്രഖ്യാപിക്കാൻ കഴിയുമെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു.
ടീമിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിക്കാറുണ്ട്. ചിലപ്പോൾ മാറ്റങ്ങൾ ടീമിന് ഗുണം ചെയ്തേക്കാം. എന്നാൽ എപ്പോഴും മത്സരഫലത്തിന്റെ അടിസ്ഥാനത്തിൽ ഒരു ടീമിനെ നിലനിർത്താൻ കഴിയില്ല. പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ അക്സർ പട്ടേലിന് മുൻനിരയിൽ ഇറക്കി. മറ്റൊരു സാഹചര്യത്തിൽ റിഷഭ് പന്തിനെ മുൻനിരയിൽ ഇറക്കേണ്ടി വരുമെന്നും ദ്രാവിഡ് പ്രതികരിച്ചു.
യൂറോ കപ്പ് 2024; സ്കോട്ലൻഡ്-സ്വിറ്റ്സർലൻഡ് മത്സരം സമനിലയിൽ
ട്വന്റി 20 മത്സരങ്ങളിൽ എന്തും സംഭവിക്കാം. പുറത്തിരിക്കുന്ന ഇന്ത്യയുടെ നാല് താരങ്ങളും മികച്ചവരാണ്. ഓരോ സാഹചര്യങ്ങൾക്ക് അനുസരിച്ച് അവരെ തിരഞ്ഞെടുക്കും. ഇന്നത്തെ സാഹചര്യത്തിൽ ടീമിൽ ഒരു അധിക സ്പിന്നറുടെ ആവശ്യമുണ്ട്. കുൽദീപ് യാദവോ യൂസ്വേന്ദ്ര ചഹലോ ഇന്ന് കളിച്ചേക്കും. അതുകൊണ്ടാണ് ഇന്ത്യൻ ടീമിൽ നാല് താരങ്ങളെ തിരഞ്ഞെടുത്തതെന്നും ദ്രാവിഡ് വ്യക്തമാക്കി.