ബുംറ 2.0 ഏറ്റവും അപകടകരമായ വേര്ഷന്, സമ്പൂര്ണ്ണനായ ഫാസ്റ്റ് ബൗളര്: ബാലാജി

'വസീം അക്രത്തിന് ശേഷം ഏഷ്യ കണ്ട മികച്ച ബൗളറാണ് ബുംറ'

ഫ്ളോറിഡ: ഇന്ത്യന് സ്റ്റാര് പേസര് ജസ്പ്രീത് ബുംറയെ പുകഴ്ത്തി മുന് താരം ലക്ഷ്മിപതി ബാലാജി. ട്വന്റി 20 ലോകകപ്പില് ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ബുംറ കാഴ്ച വെക്കുന്നത്. ഇതിന് പിന്നാലെയാണ് താരത്തെ പുകഴ്ത്തി ബാലാജി രംഗത്തെത്തിയത്. പാകിസ്താന് ഇതിഹാസം വസീം അക്രത്തിന് ശേഷം ഏഷ്യ കണ്ട മികച്ച ബൗളറാണ് ബുംറ. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തിരിച്ചുവരവില് അദ്ദേഹം അപകടം സൃഷ്ടിച്ചാണ് മുന്നേറുന്നതെന്നും ബാലാജി പറഞ്ഞു.

'ബുംറ വ്യത്യസ്തനാണ്. അവന് അതിവേഗമാണ് മെച്ചപ്പെടുന്നത്. ശസ്ത്രക്രിയയ്ക്ക് മുന്പുള്ളതിനേക്കാള് ഭയാനകരമാണ് ഇപ്പോഴത്തെ ബുംറ. ശസ്ത്രക്രിയയ്ക്ക് വിധേയരായാല് ചില താരങ്ങള്ക്ക് വേഗതയും ആത്മവിശ്വാസവും നഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. എന്നാല് ബുംറ മുന്പത്തേക്കാള് മികച്ച താരമായി മാറി. ഇപ്പോള് സമ്പൂര്ണ്ണനായ ഫാസ്റ്റ് ബൗളറാണ് ബുംറ', ബാലാജി പറഞ്ഞു.

ടി 20 ലോകകപ്പ്; നമീബിയയ്ക്കെതിരെ ഇംഗ്ലണ്ടിന് വിജയം

ബുംറയും അക്രമും തമ്മിലുള്ള സാമ്യതകളും ബാലാജി തുറന്നുപറഞ്ഞു.'വസീം അക്രമിന് ശേഷം ഏഷ്യയിലെ മികച്ച ബൗളറാണ് ബുംറ. ഇരുവരുടെയും ബൗളിങ്ങിന് സമാന സ്വഭാവമാണുള്ളത്. ആത്യന്തികമായി ഫാസ്റ്റ് ബൗളിങ്ങിന്റെ ശൈലിയെ തന്നെ മാറ്റിമറിച്ച താരങ്ങളാണ് വസീം അക്രമും ബുംറയും', അദ്ദേഹം വ്യക്തമാക്കി.

'കൃത്യമായ തന്ത്രങ്ങളോടെ ബാറ്റര്മാര്ക്ക് നേരിടാന് ബുദ്ധിമുട്ടുള്ള പന്തുകള് അക്രം എറിഞ്ഞിരുന്നു. 1992 ലോകകപ്പിന്റെ ഫൈനലില് അക്രം മൂന്ന് വിക്കറ്റുകള് സ്വന്തമാക്കിയിരുന്നു. ശേഷം 2003 വരെ അക്രത്തിന്റെ ഒരു പകര്ന്നാട്ടമാണ് മൈതാനത്ത് കണ്ടിരുന്നത്. എന്റെ അഭിപ്രായത്തില് ഇതാണ് ബുംറയുടെ സമയം. ഈ ലോകകപ്പില് ഇന്ത്യന് ടീമിനെ വിജയിപ്പിക്കാന് ബുംറയ്ക്ക് സാധിച്ചാല് അടുത്ത കുറച്ചു വര്ഷങ്ങള് അവന് അവന്റേതായി മാറ്റാനും സാധിക്കും', ബാലാജി കൂട്ടിച്ചേര്ത്തു.

ട്വന്റി 20 ലോകകപ്പില് മിന്നും ഫോമിലാണ് ബുംറ പന്തെറിയുന്നത്. രണ്ട് മത്സരങ്ങളില് നിന്ന് അഞ്ച് വിക്കറ്റുകളാണ് ബുംറയുടെ സമ്പാദ്യം. പാകിസ്താനെതിരായ മത്സരത്തില് ബുംറയുടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നിര്ണായക വിജയം സമ്മാനിച്ചത്. മത്സരത്തില് നാല് ഓവറില് 14 റണ്സ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്.

To advertise here,contact us