ഫ്ലോറിഡ: ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ പാകിസ്താൻ ടീമിലെ അസ്വസ്ഥതകൾ മറനീക്കി പുറത്തുവരുന്നു. ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോകാൻ ബാബർ അസമിന് കഴിഞ്ഞില്ലെന്നാണ് പാകിസ്താൻ ക്രിക്കറ്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. താരങ്ങൾക്കിടയിൽ മൂന്ന് ഗ്രൂപ്പ് ഉണ്ടായിരുന്നതായും ഇവയ്ക്ക് മൂന്ന് താരങ്ങളാണ് നേതൃത്വം നൽകിയിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ബാബർ അസമും ഷഹീൻ ഷാ അഫ്രീദിയും മുഹമ്മദ് റിസ്വാനും നയിക്കുന്ന ഗ്രൂപ്പുകളാണ് ടീമിന്റെ ഡ്രെസ്സിംഗ് റൂമിൽ ഉണ്ടായിരുന്നത്. മുഹമ്മദ് ആമിറിന്റെയും ഇമാദ് വസീമിന്റെയും തിരിച്ചുവരവ് ഗുണം ചെയ്തില്ല. ഇരുവരും വന്നപ്പോൾ ബാബർ കൂടുതൽ കുഴപ്പത്തിലാവുകയാണ് ചെയ്തത്. ആമിറും വസീമും കുറച്ചുകാലമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും പാക് ക്രിക്കറ്റ് വൃത്തങ്ങൾ പ്രതികരിച്ചു.
ഇനിയൊരു ടൂർണമെന്റിന് ഉണ്ടാകില്ല; വിരമിക്കൽ സൂചന നൽകി ട്രെന്റ് ബോൾട്ട്
ടൂർണമെന്റിൽ മൂന്ന് മത്സരങ്ങൾ കളിച്ച പാകിസ്താൻ രണ്ടിലും പരാജയപ്പെട്ടു. ആദ്യമായി ലോകകപ്പ് കളിക്കുന്ന അമേരിക്കയോട് പരിചയസമ്പന്നരായ പാകിസ്താൻ തോൽവി വഴങ്ങി. പിന്നാലെ ഇന്ത്യയോടും ബാബർ അസമിനും സംഘത്തിനും തോൽവിയായിരുന്നു ഫലം. കാനഡയോട് വിജയിച്ചതാണ് ടീമിന്റെ ഏക ആശ്വാസം. ടൂർണമെന്റിലെ അവസാന മത്സരത്തിൽ പാകിസ്താൻ നാളെ അയർലൻഡിനെ നേരിടും.