ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ ന്യൂസിലാൻഡ് ക്രിക്കറ്റിന് മറ്റൊരു തിരിച്ചടി. ഇനിയൊരു ടൂർണമെന്റിൽ താൻ ഉണ്ടാകില്ലെന്ന് വെറ്ററൻ പേസർ ട്രെന്റ് ബോൾട്ട് സ്ഥിരീകരിച്ചു. 2011 മുതൽ കിവീസ് നിരയിലെ നിർണായ സാന്നിധ്യമാണ് ബോൾട്ട്. ട്വന്റി 20 ലോകകപ്പിൽ ഉഗാണ്ടയ്ക്കെതിരായ അവസാന മത്സരത്തിന് ശേഷമാണ് സൂപ്പർ താരത്തിന്റെ പ്രതികരണം.
തന്നെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ട്വന്റി 20 ലോകകപ്പ് തന്റെ അവസാനത്തെ വലിയ ടൂർണമെന്റാകും. ട്വന്റി 20 ലോകകപ്പിൽ ഇത്തരത്തിലൊരു പ്രകടനമല്ല ആഗ്രഹിച്ചത്. മികവാർന്ന ഒരു പ്രകടനത്തിന് കഴിഞ്ഞില്ല. എങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കാൻ ലഭിക്കുന്ന ഏതൊരു അവസരവും വലുതാണെന്നും ബോൾട്ട് പ്രതികരിച്ചു.
മഴയിൽ പിറന്ന ചരിത്രം; ടി20 ലോകകപ്പിൽ അമേരിക്ക സൂപ്പർ എട്ടിൽ
ന്യൂസിലാൻഡിനായി 78 ടെസ്റ്റുകളും 114 ഏകദിനങ്ങളും 60 ട്വന്റി 20കളും ബോൾട്ട് കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 317ഉം ഏകദിനത്തിൽ 211ഉം ട്വന്റി 20യിൽ 60ഉം വിക്കറ്റുകൾ താരം സ്വന്തമാക്കി. ന്യൂസിലാൻഡ് ട്വന്റി 20 ലോകകപ്പിൽ നിന്ന് പുറത്തായതിനാൽ ഉഗാണ്ടയ്ക്കെതിരായ മത്സരം ബോൾട്ടിന്റെ കരിയറിലെ അവസാനത്തെ ഐസിസി ടൂർണമെന്റിലെ മത്സരമാവും. 34കാരനായ താരം ഇനി എത്രകാലം കിവീസ് നിരയിൽ ഉണ്ടാവുമെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.