കിങ്സ്ടൗണ്: ട്വന്റി 20 ലോകകപ്പില് നെതര്ലന്ഡിനെ വീഴ്ത്തി ബംഗ്ലാദേശിന് നിര്ണ്ണായക വിജയം. ഓറഞ്ച് പടയെ 25 റണ്സിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയര്ത്തിയ 160 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന നെതര്ലന്ഡ്സിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തില് 134 റണ്സില് അവസാനിച്ചു. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹുസൈന് മൂന്നും ടസ്കിന് അഹമ്മദ് രണ്ടും വീതം വിക്കറ്റുകള് വീഴ്ത്തി. ടൂര്ണമെന്റില് ബംഗ്ലാദേശിന്റെ രണ്ടാം വിജയമാണിത്. ഇതോടെ സൂപ്പര് എയ്റ്റിനോട് അടുക്കാന് ബംഗ്ലാദേശിന് സാധിച്ചു.
Bangladesh 🆚 Netherlands| ICC Men's T20 World CupBangladesh won by 25 runs 🇧🇩 🫶Photo Credit: ICC/Getty#BCB #Cricket #BANvNED #T20WorldCup pic.twitter.com/Z6cxIa1XDi
വെസ്റ്റ് ഇന്ഡീസിലെ കിങ്സ്ടൗണില് നടന്ന മത്സരത്തില് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്സ് അടിച്ചുകൂട്ടിയത്. അര്ദ്ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന സ്റ്റാര് ഓള്റൗണ്ടര് ഷാക്കിബ് അല് ഹസന്റെ ഇന്നിങ്സാണ് ബംഗ്ലാദേശിന് തുണയായത്. താരം 46 പന്തില് പുറത്താകാതെ 64 റണ്സെടുത്തു. നെതര്ലന്ഡ്സിന് വേണ്ടി ആര്യന് ദത്തും പോള് വാന് മീകെരെനും രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില് കൃത്യമായ ഇടവേളകളില് വിക്കറ്റുകള് നഷ്ടമായതാണ് നെതര്ലന്ഡ്സിന് തിരിച്ചടിയായത്. 22 പന്തില് 33 റണ്സെടുത്ത സിബ്രാന്ഡ് ഏങ്കല്ബ്രെക്ടാണ് ഡച്ച് നിരയിലെ ടോപ് സ്കോറര്. 16 പന്തില് നിന്ന് 26 റണ്സെടുത്ത വിക്രംജിത്ത് സിങ്, 23 പന്തില് നിന്ന് 25 റണ്സെടുത്ത ക്യാപ്റ്റന് സ്കോട്ട് എഡ്വേര്ഡ്സ് എന്നിവര്ക്ക് മാത്രമാണ് പിന്നീട് നെതര്ലന്ഡ്സിന് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മൈക്കല് ലെവിറ്റ് (18), മാക്സ് ഒഡൗഡ് (12), ബാസ് ഡി ലീഡെ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി.