ഒരു ടീം തങ്ങളുടെ ബദ്ധവൈരികളായ ടീം വിജയിക്കണമെന്ന് പ്രാര്ത്ഥിക്കുന്നു, ക്രിക്കറ്റിന്റെ സൗന്ദര്യം ഇതൊക്കെയാണ്. കാനഡയെ പരാജയപ്പെടുത്തി ലോകകപ്പില് ശ്വാസം വീണ്ടെടുത്ത പാകിസ്താന് മുന്നോട്ട് പോകണമെങ്കില് ഇന്ത്യ ഇന്നത്തെ മത്സരത്തില് അമേരിക്കയെ പരാജയപ്പെടുത്തണം. അമേരിക്ക പരാജയപ്പെട്ടാല് മാത്രമാണ് പാകിസ്താന് സൂപ്പര് 8 പ്രതീക്ഷകള് നിലനിര്ത്താന് സാധിക്കുക.
ടൂര്ണമെന്റിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലും പരാജയം വഴങ്ങിയ പാകിസ്താന് മൂന്നാമത്തെ മത്സരത്തിലാണ് ആദ്യ വിജയം നുകര്ന്നത്. കാനഡയ്ക്കെതിരായ മത്സരത്തില് ഏഴ് വിക്കറ്റിനാണ് ബാബറും സംഘവും വിജയിച്ചത്. യുഎസ്എയ്ക്കെതിരായ ആദ്യ മത്സരത്തില് സൂപ്പര് ഓവറിലും രണ്ടാം മത്സരത്തില് ഇന്ത്യയോട് ആറ് റണ്സിനും അപ്രതീക്ഷിത പരാജയം വഴങ്ങിയാണ് പാകിസ്താന് സൂപ്പര് 8 ലേക്കുള്ള പ്രതീക്ഷകള് സജീവമാക്കി നിര്ത്തണമെങ്കില് കാനഡയ്ക്കെതിരെ വിജയം അനിവാര്യമായിരുന്നു.
'എന്റെ ഏഴ് റണ്സിന്റെ വില മനസ്സിലായില്ലേ'; പാകിസ്താനെതിരായ വിജയത്തിന് ശേഷം സിറാജ്
ആദ്യ വിജയം സ്വന്തമാക്കി സൂപ്പര് 8 ലേക്കുള്ള നേരിയ സാധ്യത നിലനിര്ത്തിയെങ്കിലും കാര്യങ്ങള് പൂര്ണമായും പാകിസ്താന്റെ കൈയിലായിട്ടില്ല. അയര്ലന്ഡിനെതിരായ അടുത്ത മത്സരത്തില് വിജയിച്ചാലും ബാബറിനും സൂപ്പര് 8ലേക്കുള്ള യാത്ര എളുപ്പമാകില്ല. അതിനായി പാക് പടയ്ക്ക് മറ്റുള്ള ടീമുകളുടെ വിജയപരാജയങ്ങളുടെ കണക്കുകൂട്ടലുകള് നോക്കിയിരിക്കണം.
ബുധനാഴ്ച ന്യൂയോര്ക്കില് നടക്കുന്ന ലോകകപ്പ് മത്സരത്തില് ഇന്ത്യ ഹാട്രിക് വിജയം തേടിയിറങ്ങുമ്പോള് നെഞ്ചിടിപ്പ് മുഴുവന് പാകിസ്താനാണ്. അമേരിക്കയ്ക്കെതിരെ ഇന്ത്യ വിജയിക്കേണ്ടത് ഏറ്റവും കൂടുതല് ആഗ്രഹിക്കുന്നത് പാകിസ്താനാണ്. എന്നാല് കാനഡയ്ക്കെതിരായ അടുത്ത മത്സരത്തില് ഇന്ത്യ പരാജയപ്പെടുകയും അയര്ലന്ഡിനെതിരായ അടുത്ത മത്സരത്തില് അമേരിക്ക വിജയിക്കുകയും ചെയ്താലാണ് പാകിസ്താന് സൂപ്പര് 8 അനായാസമാവുകയുള്ളൂ. ഈ സാഹചര്യത്തില് അയര്ലന്ഡിനെതിരായ അടുത്ത മത്സരത്തില് വലിയ നെറ്റ് റണ് റേറ്റില് വിജയം സ്വന്തമാക്കിയാല് പാകിസ്താന് സൂപ്പര് 8ലേക്ക് യോഗ്യത നേടാം. അതേസമയം ഇന്ത്യ യുഎസിനോട് പരാജയം വഴങ്ങുകയും അടുത്ത മത്സരത്തില് കാനഡയോട് വിജയിക്കുകയും ചെയ്താല് ഇന്ത്യയ്ക്കൊപ്പം അമേരിക്കയാവും ഗ്രൂപ്പ് എയില് നിന്ന് സൂപ്പര് എട്ടിലേക്ക് കടക്കുക.