ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ തകർപ്പൻ പ്രകടത്തിൽ പ്രതികരണവുമായി ജസ്പ്രീത് ബുംറ. അമേരിക്കയിലേക്ക് ബാഗും പാക്ക് ചെയ്ത് വന്നത് വെറുതേ ആയില്ല. പിച്ചിൽ നിന്ന് ലഭിക്കുന്ന പിന്തുണ പരമാവധി ഉപയോഗിക്കും. താൻ ചെറുപ്പം മുതൽ ഒരുപാട് ക്രിക്കറ്റ് കളിക്കുന്നതാണ്. ബാറ്റർമാർക്കും ബൗളർമാർക്കും ഒരുപോലെ പിന്തുണ ലഭിക്കുന്ന മത്സരങ്ങൾ കാണാനാണ് താൻ ഇഷ്ടപ്പെടുന്നത്. ബാറ്റിംഗ് പ്രകടനങ്ങൾ മാത്രം ഉണ്ടാകുമ്പോൾ താൻ ടി വി ഓഫ് ചെയ്യുമെന്നും ബുംറ പറഞ്ഞു.
പിച്ചിൽ നിന്ന് പിന്തുണ ലഭിക്കുമ്പോൾ ഫുൾ ലെങ്തിൽ പന്തെറിയാൻ താൻ ശ്രമിക്കും. ചിലപ്പോൾ അത് മാജിക് പന്തുകളായി മാറും. ഇന്ത്യൻ ടീം പന്തെറിയാൻ എത്തിയപ്പോൾ സ്വിംഗും പേസും കുറഞ്ഞു. റൺസടിക്കാൻ എളുപ്പമായി. വിജയിക്കാൻ എത്ര റൺസ് വേണമെന്ന് പാകിസ്താന് അറിയാമായിരുന്നു. അതിനാൽ പാകിസ്താനെതിരെ മാജിക് പന്തുകൾ പരീക്ഷിക്കാതെ ലൈനും ലെങ്തും കൃത്യമാക്കാൻ ശ്രമിച്ചു. ഇതാണ് പാകിസ്താനെ സമ്മർദ്ദത്തിലാക്കിയതെന്നും ബുംറ പ്രതികരിച്ചു.
ബുംറയെക്കുറിച്ച് ഞാൻ ഒരുപാട് സംസാരിക്കേണ്ടതില്ല: രോഹിത് ശർമ്മ
തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നാണ് ശ്രദ്ധിച്ചത്. സ്റ്റേഡിയത്തിലെ ആരാധകരുടെ ആവേശം കേൾക്കുന്നുണ്ടായിരുന്നു. ആരാധകരുടെ വികാരത്തിന് അനുസരിച്ച് പന്തെറിഞ്ഞാൽ ഒരു പക്ഷേ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ തന്റെ പ്രകടനത്തിൽ മാത്രമായി ശ്രദ്ധിക്കാനാണ് ശ്രമിച്ചതെന്നും ഇന്ത്യൻ പേസർ വ്യക്തമാക്കി.