ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ഗ്ലാമര് പോരാട്ടമായ ഇന്ത്യ-പാകിസ്താന് മത്സരമാണിന്ന്. ന്യൂയോര്ക്കിലെ നസ്സൗ കൗണ്ടി സ്റ്റേഡിയത്തില് ഇന്ത്യന് സമയം രാത്രി എട്ട് മണിക്കാണ് പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുക. ഇതിന് മുന്നോടിയായി മത്സരത്തില് വിജയം ആര്ക്കൊപ്പം നില്ക്കുമെന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന് ഇതിഹാസങ്ങളായ വസീം അക്രമും വഖര് യൂനിസും.
'നിലവിലെ ഫോം വെച്ച് നോക്കിയാല് ഇന്ത്യയാണ് മികച്ച ടീം. മാത്രവുമല്ല ടൂര്ണമെന്റിലെ ഫേവറിറ്റുകളും അവരാണ്. വിജയിക്കാനുള്ള സാധ്യത ഇന്ത്യയ്ക്ക് 60 ശതമാനവും പാകിസ്താന് 40 ശതമാനവുമാണ്. പക്ഷേ ഇത് ട്വന്റി 20യാണ്. ഒരു നല്ല ഇന്നിങ്സോ നല്ല സ്പെല്ലോ മത്സരത്തിന്റെ ഗതി തന്നെ പെട്ടെന്ന് മാറ്റിമറിക്കും. എല്ലാവരും ഈ മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു', വസീം അക്രം വ്യക്തമാക്കി.
പാകിസ്താനെ തോല്പ്പിക്കുന്നത് ഇന്ത്യ ലോകകപ്പ് നേടുന്നതിന് തുല്യം: നവ്ജ്യോത് സിങ് സിദ്ദു
മറ്റൊരു പാകിസ്താന് മുന് താരം വഖര് യൂനിസും ഇന്ത്യ- പാക് ക്ലാസിക് പോരാട്ടത്തിലെ തന്റെ പ്രവചനം പങ്കുവെച്ചു. 'എന്റെ ഹൃദയം പറയുന്നത് മത്സരത്തില് പാകിസ്താന് വിജയിക്കുമെന്നാണ്. പക്ഷേ ഇതുവരെയുള്ള എന്റെ നിരീക്ഷണത്തില് ന്യൂയോര്ക്കിലെ പിച്ച് ഫാസ്റ്റ് ബൗളര്മാര്ക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ വിജയസാധ്യത ഇരുടീമുകള്ക്കും ഒരുപോലെയാണെന്ന് എനിക്ക് തോന്നുന്നു', വഖര് പറഞ്ഞു.