ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. ന്യൂയോര്ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില് അയര്ലന്ഡിനെയാണ് ഇന്ത്യ നേരിടുക. ലോകകപ്പിലെ ഫേവറിറ്റുകളാണെങ്കിലും അയര്ലന്ഡിനെ പരാജയപ്പെടുത്താന് ഇന്ത്യയ്ക്ക് എളുപ്പമാവണമെന്നില്ല. ലോകകപ്പില് അട്ടിമറികള്ക്ക് പേരുകേട്ട അയര്ലന്ഡ് ഇന്ത്യയെ ഞെട്ടിക്കുമോയെന്നും കണ്ടറിയണം.
കണക്കുകളില് ആശ്വാസവും മുന്തൂക്കവും ഇന്ത്യയ്ക്കാണ്. അയര്ലന്ഡിനെതിരെ കളിച്ച ഒരു അന്താരാഷ്ട്ര മത്സരത്തിലും ഇന്ത്യ പരാജയം അറിഞ്ഞിട്ടില്ല. ടി20 ഫോര്മാറ്റില് ഇതുവരെ ഏഴ് തവണയാണ് ഇന്ത്യയും അയര്ലന്ഡും മുഖാമുഖം വന്നിട്ടുള്ളത്. ഇതില് ഏഴ് മത്സരങ്ങളിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളിലും ഇന്ത്യ തന്നെ വിജയിച്ചു.
അടിച്ചുകേറി വാ ഹിറ്റ്മാനേ; മൂന്ന് റണ്സ് അകലെ ചരിത്രനേട്ടം
ടി20 ഫോര്മാറ്റില് അയര്ലന്ഡിനെതിരേ ഇന്ത്യയുടെ ഉയര്ന്ന സ്കോര് 225 റണ്സാണ്. 2022ല് ഡുബ്ലിനില് നടന്ന മത്സരത്തിലാണ് ഇന്ത്യ ഈ സ്കോര് നേടിയത്. ഇതേ പിച്ചില് തന്നെ ഐറിഷ് പടയെ 70 റണ്സിന് ഇന്ത്യ കൂടാരം കയറ്റിയ ചരിത്രവുമുണ്ട്. 2018ലായിരുന്നു അത്.
അയര്ലന്ഡിനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ജയം 143 റണ്സാണ്. എട്ട് വിക്കറ്റിനും അയര്ലന്ഡിനെ ഇന്ത്യ തോല്പ്പിച്ചിട്ടുണ്ട്. എന്നാല് ഒരുതവണ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്ത്താനും അയര്ലന്ഡിന് സാധിച്ചു. അന്ന് രണ്ട് റണ്സിനാണ് അയര്ലന്ഡ് ഇന്ത്യയ്ക്ക് മുന്നില് അടിയറവ് പറഞ്ഞത്. അത്രത്തോളം ശക്തമായ പോരാട്ടം കാഴ്ചവെക്കാന് അയര്ലന്ഡിന് സാധിച്ചു. ചരിത്രം ആവർത്തിക്കുമോ അതോ അയർലന്ഡ് ഇന്ത്യയെ ഞെട്ടിക്കുമോയെന്ന് കണ്ടറിയാം.