ന്യൂയോര്ക്ക്: ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരണമെന്ന് രാഹുല് ദ്രാവിഡിനോട് താന് അഭ്യര്ത്ഥിച്ചിരുന്നെന്ന് ക്യാപ്റ്റന് രോഹിത് ശര്മ്മ. ടി20 ലോകകപ്പില് അയര്ലാന്ഡിനെതിരെ ബുധനാഴ്ച രാത്രി നടക്കാനിരിക്കുന്ന ആദ്യ പോരാട്ടത്തിനു മുന്നോടിയായുള്ള വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലകസ്ഥാനത്ത് തുടരേണ്ടതിന്റെ ആവശ്യകത പറഞ്ഞുമനസ്സിലാക്കാന് ശ്രമിച്ചെന്നും പക്ഷേ തന്റെ അഭ്യര്ത്ഥന അദ്ദേഹം ചെവിക്കൊണ്ടില്ലെന്നും രോഹിത് തുറന്നുപറഞ്ഞു.
'പരിശീലക സ്ഥാനത്തു തുടരണമെന്ന് ഞാന് ദ്രാവിഡിനോടു അഭ്യര്ഥിച്ചിരുന്നു, ഇതിന്റെ ആവശ്യം ബോധ്യപ്പെടുത്താനും ശ്രമിച്ചിരുന്നു. പക്ഷേ അദ്ദേഹം തുടരാന് തയ്യാറായില്ല. ദ്രാവിഡുമായുള്ള എന്റെ ബന്ധത്തിന് വളരെ പഴക്കമുണ്ട്. ഞാന് അദ്ദേഹത്തിന്റെ ക്യാപ്റ്റന്സിയില് കളിച്ചിട്ടുള്ള താരമാണ്', രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.
Rohit Sharma confirms he tried to convince Rahul Dravid to continue as India's Head Coach, but Dravid didn't agree. pic.twitter.com/7nn6PmPC0c
'ദ്രാവിഡ് ഞങ്ങള്ക്കെല്ലാം വലിയ റോള് മോഡലുമാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചു ഞങ്ങള്ക്കറിയാം. കരിയറില് ഒരുപാട് ദൃഢനിശ്ചയം പുലര്ത്തിയയാളാണ് അദ്ദേഹം. അതിന്റെ ഓരോ നിമിഷവും ഞാന് ശരിക്കും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്', രോഹിത് കൂട്ടിച്ചേര്ത്തു.
ടി20 ലോകകപ്പിന് ശേഷം ഇന്ത്യന് ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില് രാഹുല് ദ്രാവിഡിന്റെ കരാര് അവസാനിക്കുകയാണ്. ഈ ടൂര്ണമെന്റാണ് ടീമിനൊപ്പമുള്ള തന്റെ അവസാന ദൗത്യമെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തിരുന്നു. ദ്രാവിഡിന്റെ കരാര് അസാനിച്ചതോടെ പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷയും ക്ഷണിച്ചിരുന്നു. ദ്രാവിഡിനു താല്പ്പര്യമുണ്ടെങ്കില് വീണ്ടും അപേക്ഷിക്കാമെന്ന് ബിസിസിഐ പറഞ്ഞിരുന്നെങ്കിലും അദ്ദേഹം അപേക്ഷ നല്കിയിരുന്നില്ല.