ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. പിന്നാലെ വിജയത്തിൽ പ്രതികരണവുമായി കൊൽക്കത്ത ടീം മെന്റർ ഗൗതം ഗംഭീർ രംഗത്തെത്തി. സത്യസന്ധമായി പ്രവർത്തിക്കുന്നവർക്കൊപ്പം ഭഗവാൻ കൃഷ്ണൻ ഉണ്ടെന്നാണ് ഗംഭീറിന്റെ പ്രതികരണം. സമൂഹമാധ്യമങ്ങളിലൂടെയാണ് കൊൽക്കത്തയുടെ മുൻ താരം പ്രതികരണം നടത്തിയിരിക്കുന്നത്.
“जिसकी मति और गति सत्य की हो,उसका रथ आज भी श्री कृष्ण चलाते हैं”
ഐപിഎല്ലിൽ 10 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരാകുന്നത്. മുമ്പ് 2012ലും 2014ലും കൊൽക്കത്ത ഐപിഎല്ലിന്റെ ചാമ്പ്യന്മാരായിട്ടുണ്ട്. അന്ന് ഗംഭീർ ടീം നായകനായിരുന്നു. ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേശകന്റെ റോളിലാണ് ഗംഭീർ.
അവര് ഐപിഎല്ലിലെ അറിയപ്പെടാത്ത ഹീറോസ്; പുരസ്കാര തുക പ്രഖ്യാപിച്ച് ജയ് ഷാ
ഐപിഎല്ലിന്റെ കലാശപ്പോരിൽ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സണ്റൈസേഴ്സ് ഹൈദരാബാദ് 113 റണ്സില് പുറത്തായി. ഐപിഎല് ഫൈനല് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. സണ്റൈസേഴ്സിന്റെ ഐപിഎല്ലിലെ ഏറ്റവും മോശം സ്കോറും ഇതുതന്നെയാണ്. മറുപടി പറഞ്ഞ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് 10.3 ഓവറില് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില് ലക്ഷ്യത്തിലെത്തി.