ചെന്നൈ: രാജസ്ഥാനെതിരായ രണ്ടാം ക്വാളിഫയർ മത്സരത്തിൽ 36 റൺസിന്റെ വിജയമായിരുന്നു ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് അഭിഷേക് ശർമയുടെ പ്രകടനമായിരുന്നു. ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും ബൗളിംഗില് രാജസ്ഥാന്റെ നിർണായകമായ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് അഭിഷേക് ഹീറോയായത്. ഇപ്പോൾ സൂപ്പർ താരവും ഇന്ത്യയുടെ ലോകകപ്പ് ജേതാവുമായ യുവരാജ് സിംഗ് തന്റെ പ്രകടനത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് തുറന്നുപറയുകയാണ് അഭിഷേക്.
'യുവി പാജിയുമായി (യുവരാജ് സിംഗ്) ബൗളിംഗിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, എനിക്ക് അദ്ദേഹത്തേക്കാൾ മികച്ച ബൗളറാവാൻ കഴിയുമെന്ന് അദ്ദേഹം പറയാറുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ എപ്പോഴും എന്റെ മനസ്സിൽ ഉണ്ടാവാറുണ്ട്. ഹൈദരാബാദിനായി ബൗളിംഗിലുള്ള എന്റെ സംഭാവനകളിൽ അദ്ദേഹവും സന്തോഷിക്കുന്നുണ്ടാവുമെന്ന് ഞാൻ കരുതുന്നു', അഭിഷേക് പറയുന്നു.
Abhishek Sharma said, "Yuvi Paaji always told me that I'm a better bowler. He's always motivated me". pic.twitter.com/CQcKedMq9z
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി മികച്ച ഇന്നിംഗ്സ് പുറത്തെടുക്കാൻ അഭിഷേകിന് സാധിച്ചിരുന്നില്ല. ഓപ്പണറായി ഇറങ്ങിയ താരം അഞ്ച് പന്തുകളിൽ 12 റൺസാണ് നേടിയത്. ഒരു ബൗണ്ടറിയും ഒരു സിക്സറും മാത്രമാണ് അഭിഷേകിന്റെ ബാറ്റിൽ നിന്ന് പിറന്നത്. എന്നാൽ ബൗളിംഗിൽ അഭിഷേക് മിന്നും പ്രകടനം കാഴ്ചവെച്ചു. 4 ഓവറുകൾ പന്തറിഞ്ഞ അഭിഷേക് കേവലം 24 റൺസ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്.