സഞ്ജുവിന് ജയിച്ചേ തീരൂ; കോഹ്ലിപ്പടയ്ക്കെതിരെ ഇറങ്ങുമ്പോള് രാജസ്ഥാന്റെ 'റിയല് ചാലഞ്ച്' എന്ത്?

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില് വൈകിട്ട് 7.30നാണ് മത്സരം

അഹമ്മദാബാദ്: ഐപിഎല്ലില് 2024 സീസണിലെ എലിമിനേറ്റര് മത്സരത്തില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുകയാണ് മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സ്. ഐപിഎല്ലിലെ മൂന്നും നാലും സ്ഥാനക്കാര് ഏറ്റുമുട്ടുന്ന മത്സരത്തില് വിജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറില് സണ്റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. അതേസമയം തോല്ക്കുന്ന ടീമിന് രണ്ടാമതൊരു അവസരമില്ല. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില് വൈകിട്ട് 7.30നാണ് മത്സരം.

സീസണില് രണ്ട് രീതിയില് പ്ലേ ഓഫില് കടന്ന ടീമുകളാണ് രാജസ്ഥാനും ബെംഗളൂരുവും. സഞ്ജു സാംസണിന്റെ കീഴില് സ്വപ്നസമാനമായ തുടക്കം ലഭിച്ച രാജസ്ഥാന് പിന്നീട് കാലിടറി. അവസാനത്തെ അഞ്ച് മത്സരങ്ങളില് വിജയം രുചിക്കാന് സഞ്ജുപ്പടയ്ക്ക് സാധിച്ചിട്ടില്ല. തുടര്ച്ചയായ നാല് മത്സരങ്ങളില് പരാജയം വഴങ്ങിയ രാജസ്ഥാന് അവസാനത്തെ മത്സരം മഴ കൊണ്ടുപോയതോടെ രണ്ടാമതായി ഫിനിഷ് ചെയ്യാനുള്ള അവസരം നഷ്ടമാവുകയും ചെയ്തു. തോല്വിത്തുടര്ച്ച ഒഴിവാക്കാനായില്ലെങ്കില് സഞ്ജുവിനും സംഘത്തിനും നിരാശയോടെ മടങ്ങേണ്ടി വരും.

അതേസമയം എഴുതിത്തള്ളിയിടത്തുനിന്നും സകല സമവാക്യങ്ങളും തിരുത്തിയെഴുതി ഉയിര്ത്തെഴുന്നേറ്റ ടീമാണ് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു. ആദ്യത്തെ എട്ട് മത്സരങ്ങളില് നിന്ന് ഒരു വിജയം നേടിയിടത്തുനിന്ന് അവസാനത്തെ ആറ് മത്സരങ്ങളിലും വിജയിച്ച് അത്ഭുതകരമായാണ് ഫാഫ് ഡു പ്ലെസിസും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചത്. അതില് നോക്കൗട്ട് മത്സരത്തില് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര് കിംഗ്സിനെ തകര്ത്ത് നേടിയ വിജയവും ബെംഗളൂരുവിന് ചെറുതല്ലാത്ത ആത്മവിശ്വാസം നല്കും.

കൊല്ക്കത്തയുടെ ബൗളര്മാരെല്ലാം വിക്കറ്റ് വീഴ്ത്തണമെന്ന് ഉറപ്പിച്ച് പന്തെറിഞ്ഞു: ശ്രേയസ് അയ്യര്

മെയ് മാസത്തില് ഇതുവരെ വിജയം കണ്ടെത്താനാകാത്ത രാജസ്ഥാന് മെയ് മാസത്തില് ഇതുവരെ തോറ്റുകൊടുക്കാത്ത ബെംഗളൂരുവിനെ നേരിടുമ്പോള് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ട്. സീസണിന്റെ രണ്ടാം പകുതിയില് ബാറ്റിംഗിലും ബൗളിംഗിലും നഷ്ടപ്പെട്ട താളം തിരിച്ചെടുക്കേണ്ട വലിയൊരു കടമ്പയാണ് രാജസ്ഥാന് മുന്നിലുള്ളത്. റിയാന് പരാഗ് മാത്രമാണ് ബാറ്റിംഗില് സ്ഥിരത പുലര്ത്തുന്നത്. യശസ്വി ജയ്സ്വാളും സഞ്ജുവും നിരാശപ്പെടുത്തിയാല് രാജസ്ഥാന് വലിയ തിരിച്ചടിയാവും. ഇംഗ്ലണ്ടിലേക്ക് മടങ്ങിയ സൂപ്പര് താരം ജോസ് ബട്ലറിന് പകരക്കാരനെ കണ്ടെത്താന് സാധിക്കാതിരുന്നത് മറ്റൊരു തലവേദനയാണ്. കോഹ്ലിയും ഫാഫും അടങ്ങുന്ന തകര്പ്പന് ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന് യുസ്വേന്ദ്ര ചഹലിനും രവിചന്ദ്രന് അശ്വിനും മികവുറ്റ രീതിയില് പന്തെറിയേണ്ടത് അത്യാവശ്യമാണ്.

നിലവിലെ ഫോം അടിസ്ഥാനത്തില് ബെംഗളൂരുവിന് തന്നെയാണ് വിജയസാധ്യത കൂടുതലുള്ളത്. എന്നാല് ബെംഗളൂരുവിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരു. ലീഗ് ഘട്ടത്തില് നേര്ക്കുനേര് വന്നപ്പോള് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് വീഴ്ത്തിയതിന്റെ ആത്മവിശ്വാസം രാജസ്ഥാനുണ്ട്.

To advertise here,contact us