ബെംഗളൂരു: ഐപിഎല്ലില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ നോക്കൗട്ട് മത്സരത്തില് എം എസ് ധോണിയുടെ സാന്നിധ്യം ചെന്നൈ സൂപ്പര് കിംഗ്സിന് നിര്ണായകമാണെന്ന് മുന് താരം ഇര്ഫാന് പഠാന്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാന് ബെംഗളൂരുവിനെതിരെ വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് പരിക്ക് മറന്ന് ആരാധകര്ക്ക് വേണ്ടി നേരത്തെ ബാറ്റിങ്ങിനിറങ്ങി കൂടുതല് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഇര്ഫാന് പഠാന് നിര്ദേശിച്ചത്.
'തന്റെ ആരാധകര്ക്ക് വേണ്ടിയാണ് ധോണി കളിക്കുന്നതെന്ന് പറഞ്ഞിട്ടുള്ളതാണ്. അപ്പോള് ആ ആരാധകര് നിങ്ങളെ കൂടുതല് സമയം പിച്ചില് കാണണമെന്ന് ആഗ്രഹിക്കുന്നു. ധോണിയുടെ ഏറ്റവും ഫോമുള്ള കാലത്ത്, 32-33 വയസ്സുള്ളപ്പോള് കളിച്ചിരുന്ന പോലെ ഇപ്പോള് അദ്ദേഹം കളിക്കുന്നില്ല', പഠാന് പറഞ്ഞു.
ചിന്നസ്വാമിയില് ഇന്ന് 'പെരിയ പോര്'; പ്ലേ ഓഫിലേക്കെത്താന് തലയും കിംഗും നേർക്കുനേർ
'കാല്മുട്ടിലെ പരിക്കുമായാണ് അദ്ദേഹം കളിക്കുന്നതെന്ന് എനിക്കറിയാം. ഇത്രയും കാലം കളിച്ചതില് ഒരുപാട് പ്രശ്നങ്ങള് അദ്ദേഹം നേരിട്ടിട്ടുമുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് വര്ഷങ്ങളായി താന് വലിയ ഇന്നിങ്സുകളൊന്നും താന് കളിച്ചിട്ടില്ലെന്ന് അദ്ദേഹത്തിനറിയാം. മുന്പ് 12, 13 ഓവറുകള് ബാറ്റ് ചെയ്യാന് എത്തിയിരുന്നു. പക്ഷേ ഇപ്പോള് അങ്ങനെ പറ്റില്ല. ആ സത്യം അദ്ദേഹം മനസ്സിലാക്കിയ പോലെ നമ്മളും മനസ്സിലാക്കണം. പക്ഷേ ബെംഗളൂരുവിനെതിരെ അദ്ദേഹം നേരത്തെ ഇറങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം', താരം വ്യക്തമാക്കി.
'ചെന്നൈയുടെ ക്യാപ്റ്റന് സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി മാറിയെങ്കിലും ധോണി തന്നെയാണ് ഇപ്പോഴും ടീമിന്റെ പ്രധാന നായകന്. അതുകൊണ്ട് എല്ലാ സാഹചര്യങ്ങളും പരിഗണിച്ച് ബാറ്റിങ് ഓര്ഡറില് മുന്നോട്ട് വരാന് അദ്ദേഹം തയ്യാറാവണം. അവസാന രണ്ട് സീസണുകളിലും അദ്ദേഹം ഫോമില് ആയിരുന്നില്ല. അതില് നിന്ന് വ്യത്യസ്തമായി ഇത്തവണ മികച്ച ഫോമിലാണ് ധോണി. ആര്സിബിയുടെ ബാറ്റിങ് അത്ര മികച്ചതല്ല. അതുകൊണ്ട് തന്നെ ബെംഗളൂരുവിനേക്കാള് മികച്ച പിച്ച് ധോണിക്ക് ലഭിക്കില്ല', ഇര്ഫാന് പഠാന് കൂട്ടിച്ചേര്ത്തു.