മുംബൈ കളിച്ചത് മോശം ഗെയിം, അതിന് കൊടുക്കേണ്ടിവന്ന വില മുഴുവന് സീസണും; തുറന്ന് പറഞ്ഞ് ഹാർദ്ദിക്

ടൂര്ണമെന്റില് നിന്ന് നേരത്തെ തന്നെ പുറത്തായ മുംബൈ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്

മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗ് സീസണില് മികച്ച പ്രകടനം പുറത്തെടുക്കാന് മുംബൈയ്ക്ക് സാധിച്ചില്ലെന്ന് ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യ. സീസണില് ടീമിന്റെ അവസാന മത്സരമായ ലഖ്നൗവിനെതിരെ 18 റണ്സിന്റെ പരാജയം വഴങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു ഹാര്ദ്ദിക്. ടൂര്ണമെന്റില് നിന്ന് നേരത്തെ തന്നെ പുറത്തായ മുംബൈ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ക്യാപ്റ്റന് പ്രതികരണവുമായി രംഗത്തെത്തിയത്.

'സീസണില് നിലവാരമുള്ള ക്രിക്കറ്റല്ല മുംബൈ ഇന്ത്യന്സ് കളിച്ചത്. ഇത് സമ്മതിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിന് കൊടുക്കേണ്ടിവന്ന വില ഈയൊരു സീസണ് മുഴുവനുമാണ്', വാങ്കഡെ സ്റ്റേഡിയത്തില് നടന്ന മത്സരത്തിലെ പരാജയത്തിന് ശേഷം ഹാര്ദ്ദിക് പ്രതികരിച്ചു.

ഹാര്ദ്ദിക്കിന് കിട്ടിയത് 'അഡ്വാന്സ്' പണി; അടുത്ത സീസണ് തുടക്കം തന്നെ പുറത്തിരിക്കാം

'ഇതൊരു പ്രൊഫഷണല് ലോകമാണ്. ചിലപ്പോള് നല്ലതും ചിലപ്പോള് മോശവുമായ ദിവസങ്ങളുണ്ടാകും. ഒരു ഗ്രൂപ്പെന്ന നിലയില് ഞങ്ങള് ഗുണനിലവാരവും മികച്ചതുമായ ക്രിക്കറ്റ് കളിച്ചില്ല, അത് ഫലങ്ങളില് കാണിച്ചു', ഹാര്ദ്ദിക് പറഞ്ഞു.

ലഖ്നൗവിനെതിരായ മത്സരത്തിലെ പരാജയത്തെക്കുറിച്ചും ഹാര്ദ്ദിക് പ്രതികരിച്ചു. 'ഇന്നത്തെ മത്സരത്തിലെ തെറ്റ് എന്താണെന്ന് കൃത്യമായി പറയാന് ഇപ്പോള് സാധിക്കില്ല. ഈ സീസണ് മുഴുവന് തെറ്റായിപ്പോയി. ഈ മത്സരം വിട്ട് നമുക്ക് അടുത്ത സീസണിനായി കാത്തിരിക്കാം', ഹാര്ദ്ദിക് കൂട്ടിച്ചേര്ത്തു.

To advertise here,contact us