ബെംഗളൂരു-ചെന്നൈ പോരാട്ടവും മഴ കൊണ്ടുപോവുമോ?; ചിന്നസ്വാമിയിലെ 'യെല്ലോ അലേര്ട്ട്' ആർക്ക്?

ശനിയാഴ്ച വൈകിട്ട് 7.30നാണ് നിര്ണായക മത്സരം

ബെംഗളൂരു: ഐപിഎല് ആരാധകര് ഏറ്റവും കൂടുതല് കാത്തിരിക്കുന്ന മത്സരമാണ് റോയല് ചലഞ്ചേഴ്സ്- ചെന്നൈ സൂപ്പര് കിങ്സ് പോരാട്ടം. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിര്ണയിക്കുന്നത് ഈ മത്സരമായതുകൊണ്ട് തന്നെ ഇരുടീമുകള്ക്കും വിജയം അനിവാര്യമാണ്. ശനിയാഴ്ച വൈകിട്ട് 7.30ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നിര്ണായക മത്സരം.

എന്നാല് ഈ മത്സരവും മഴ കൊണ്ടുപോവുമോ എന്ന ആശങ്കയിലാണ് ആരാധകര്. കഴിഞ്ഞ ദിവസം സണ്റൈസേഴ്സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റന്സ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനും രാജസ്ഥാന് റോയല്സിനും പിന്നാലെ പ്ലേ ഓഫ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമായി പാറ്റ് കമ്മിന്സും സംഘവും മാറിയത്.

ഹൈദരാബാദിലെ മഴ കഴിഞ്ഞു, ഇനി ചിന്നസ്വാമി ചുട്ടുപൊള്ളും; പ്ലേഓഫിലെ നാലാമനാവാന് ചെന്നൈയും ബെംഗളൂരുവും

പ്ലേ ഓഫിലെ ശേഷിക്കുന്ന നാലാം സ്ഥാനത്തേക്ക് ചിന്നസ്വാമിയില് നടക്കുന്ന മത്സരത്തില് ചെന്നൈ സൂപ്പര് കിങ്സിന് തന്നെയാണ് സാധ്യത കൂടുതലുള്ളത്. നിലവില് 13 മത്സരങ്ങളില് നിന്ന് 14 പോയിന്റുമായി നാലാമതുള്ള ചെന്നൈയ്ക്ക് ബെംഗളൂരുവിനെ പരാജയപ്പെടുത്തണം. +0.528 ആണ് റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ചെന്നൈയുടെ നെറ്റ് റണ്റേറ്റ്. അത്രയും മത്സരങ്ങളില് നിന്ന് 12 പോയിന്റുമായി ആറാമതുള്ള ബെംഗളൂരുവിന് ചെന്നൈയെ വലിയ മാര്ജിനില് തന്നെ പരാജയപ്പെടുത്തിയാലേ പ്ലേ ഓഫ് ഉറപ്പിക്കാന് കഴിയൂ. ആദ്യം ബാറ്റ് ചെയ്താല് 18 റണ്സിന് തോല്പ്പിച്ചാല് മാത്രമേ നെറ്റ് റണ്റേറ്റില് ചെന്നൈയെ മറികടന്ന് ആര്സിബിയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാന് കഴിയൂ. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില് 11 പന്തുകള് ബാക്കി നിര്ത്തി ആര്സിബിക്ക് ജയിക്കണം.

Extremely heavy rain ⛈️😍 at BTM 2nd Stage. Lots of wind gusts and my rain water harvesting gets a treat today.#BengaluruRains #BangaloreRains #RCBvsDC #thunderstorms pic.twitter.com/kaf44vyBID

എന്നാല് ബെംഗളൂരുവിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്ക്ക് മേല് മഴ വില്ലനാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മഴ ഭീഷണിയായി ചിന്നസ്വാമിക്ക് മീതെ നില്ക്കുന്നിടത്തോളം കഥ മറ്റൊന്നായിരിക്കും. വെള്ളിയാഴ്ച മുതല് ചൊവ്വാഴ്ച വരെ ബെംഗളൂരു നഗരത്തില് ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശനിയാഴ്ച നടക്കുന്ന മത്സരവും മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നാല് ഇരുടീമുകള്ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇതോടെ നെറ്റ് റണ്റേറ്റ് അടിസ്ഥാനമാക്കി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ പ്ലേ ഓഫിലെത്തും.

To advertise here,contact us