ഡൽഹി: ഐപിഎല്ലിലെ മോശം പ്രകടനത്തിലും ട്വന്റി 20 ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് ഇടം ലഭിച്ചു. രോഹിത് ശർമ്മയുടെയും അജിത് അഗാർക്കറിന്റെയും എതിർപ്പിനെ മറികടന്നാണ് താരത്തിന് ടീമിൽ ഇടം ലഭിച്ചത്. ഇതിന് കാരണമായത് ബിസിസിഐ സെക്രട്ടറി ജയ്ഷായുടെ നിർബന്ധമെന്നാണ് റിപ്പോർട്ടുകൾ.
ഫോം മാത്രമല്ല അനുഭവ സമ്പത്തും കണക്കിലെടുക്കണമെന്നാണ് ജയ് ഷാ പറഞ്ഞത്. ഒരു ഐപിഎൽ മാത്രം വിലയിരുത്തി ഹാർദ്ദിക്കിനെ ഒഴിവാക്കരുത്. വിദേശ പിച്ചുകളിലെ ഉൾപ്പടെ ഹാർദ്ദിക്കിന്റെ പ്രകടനം നിർണായകമെന്നും ജയ് ഷാ പറഞ്ഞു. ബിസിസിഐ സെക്രട്ടറിയുടെ വാക്കുകളോട് ഇന്ത്യൻ ക്യാപ്റ്റനും മുഖ്യപരിശീലകനും യോജിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്വന്റി 20 ലോകകപ്പിൽ ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടറായി ഹാർദ്ദിക്കിന് അവസരം ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടറായി ശിവം ദുബെയും ടീമിലുണ്ട്. എങ്കിലും അനുഭവ സമ്പത്ത് ഹാർദ്ദിക്കിന് ഗുണം ചെയ്യുമെന്നാണ് സൂചന.