ചിന്നസ്വാമിയില് മത്സരത്തിനിടെ ഗ്രൗണ്ടിൽ ഇറങ്ങും; പദ്ധതി വെളിപ്പെടുത്തി ആരാധകന്, വീഡിയോ വൈറല്

ഈ സീസണിലെ ലീഗ് ഘട്ടത്തിലെ നോക്കൗട്ട് മത്സരമാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില് ശനിയാഴ്ച നടക്കാനിരിക്കുന്ന ബെംഗളൂരു-ചെന്നൈ പോരാട്ടം

ബെംഗളൂരു: ഐപിഎല്ലിലെ നിര്ണായക മത്സരമായ റോയല് ചലഞ്ചേഴ്സ് ബെംഗളൂരു- ചെന്നൈ സൂപ്പര് കിങ്സ് മത്സരത്തിനിടെ ഗ്രൗണ്ടില് അതിക്രമിച്ച് കയറുമെന്ന് ആരാധകന്റെ ഭീഷണി. ഈ സീസണിലെ ലീഗ് ഘട്ടത്തിലെ നോക്കൗട്ട് മത്സരമാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില് ശനിയാഴ്ച നടക്കാനിരിക്കുന്ന ബെംഗളൂരു-ചെന്നൈ പോരാട്ടം. പ്ലേ ഓഫിലെ നാലാം സ്ഥാനം ഉറപ്പിക്കാന് ഇരുടീമുകള്ക്കും വിജയം അനിവാര്യമായ മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഐപിഎല് ആരാധകര്.

ഇതിനിടെയാണ് മത്സരം നടക്കുമ്പോള് ഗ്രൗണ്ടില് കടന്നുകയറുമെന്ന മുന്നറിയിപ്പുമായി ആരാധകന് രംഗത്തെത്തിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്ന് കളത്തിലിറങ്ങിയിരിക്കുമെന്ന് സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇയാള് വെളിപ്പെടുത്തിയത്. ഇതിന്റെ മുഴുവന് പദ്ധതിയും വെളിപ്പെടുത്തി നിഥിന് എന്ന യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്.

ബെംഗളൂരു-ചെന്നൈ പോരാട്ടവും മഴ കൊണ്ടുപോവുമോ?; ചിന്നസ്വാമിയിലെ 'യെല്ലോ അലേര്ട്ട്' ആർക്ക്?

ഏപ്രില് ഒന്പതിന് മുന്പ് തനിക്ക് സോഷ്യല് മീഡിയയില് 50k ഫോളോവേഴ്സ് ആയാല് മെയ് 18ന് നടക്കുന്ന ആര്സിബി-സിഎസ്കെ മത്സരത്തിനിടയില് ചിന്നസ്വാമിയിലെ ഗ്രൗണ്ടിലൂടെ ഓടുമെന്നാണ് അയാള് വീഡിയോയില് പറയുന്നത്. സ്റ്റേഡിയത്തില് സുരക്ഷാവേലി ഇല്ലാത്ത ഒരു ഭാഗം താന് ശ്രദ്ധിച്ചുവെച്ചിട്ടുണ്ടെന്നും അതിനടുത്തുള്ള ഭാഗത്തുള്ള സീറ്റില് തനിക്ക് ടിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും അയാള് പറഞ്ഞു.

Plz tag the security if anybody know 😀 #RCBvsCSK pic.twitter.com/dbZiKe7xKZ

മെയ് 18ന് താന് വെല്ലുവിളി പൂര്ത്തിയാക്കുമെന്നാണ് അയാള് അവകാശപ്പെടുന്നത്. അവിടത്തെ സെക്യൂരിറ്റിയെ അറിയാവുന്ന ആരെങ്കിലും ടാഗ് ചെയ്യണമെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. ചിലര് വീഡിയോയ്ക്ക് താഴെ ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്യുന്നുമുണ്ട്.

To advertise here,contact us