അന്ന് ഗ്രൗണ്ടിലിറങ്ങി ശകാരിച്ചു,ഇന്ന് കയ്യടിച്ചു; ടീം ഉടമയ്ക്ക് രാഹുലിന്റെ സൂപ്പർ ക്യാച്ച് മറുപടി

മത്സരം തോറ്റതിനെ തുടർന്ന് ടീം ഉടമയിൽ നിന്നും ശകാരം ഏറ്റ് വാങ്ങിയ കെ എൽ രാഹുൽ അതെ ഉടമയിൽ നിന്നും ഇന്നലെ അതുഗ്രൻ ക്യാച്ചിന് കയ്യടി നേടി

ന്യൂഡൽഹി: മത്സരം തോറ്റതിനെ തുടർന്ന് ടീം ഉടമയിൽ നിന്നും ശകാരം ഏറ്റ് വാങ്ങിയ ലഖ്നൗ സൂപ്പർ ജയൻറ്സ് താരം കെ എൽ രാഹുൽ അതേ ഉടമയിൽ നിന്ന് ഇന്നലെ അത്യുഗ്രന് ക്യാച്ചിന് കയ്യടി നേടി. ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിലാണ് സീസണിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി രാഹുലിന്റെ ക്യാച്ച് പിറക്കുന്നത്. പതിവിന് വിപരീതമായി വിക്കറ്റ് കീപ്പറിൽ നിന്നും മാറി കവർ ഫീൽഡിലായിരുന്നു ക്യാപ്റ്റൻ രാഹുൽ. നിർണ്ണായക മത്സരത്തിൽ ഡീ കോക്കിനെ കൂടി ടീമിൽ ഉൾപ്പെടുത്തിയതിനാൽ വിക്കറ്റിന് പിന്നിൽ ഡീ കോക്കായിരുന്നു.

Appreciation all around as KL keeps his calm to take it on the second attempt 😍#DCvLSG #TATAIPL #IPLonJioCinema pic.twitter.com/QTWDDmHM0n

രാഹുലിന്റെ ക്യാച്ചിന് ഗാലറിയിൽ എഴുന്നേറ്റ് നിന്നാണ് ലഖ്നൗ സൂപ്പർ ജയൻറ്സ് ഉടമയായ സഞ്ജീവ് ഗോയങ്ക അഭിനനന്ദനം അറിയിച്ചത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള തോൽവിക്ക് പിന്നാലെയായിരുന്നു ഗ്രൗണ്ടിലിറങ്ങി ഗോയങ്ക രാഹുലിനെ പരസ്യമായി വിമർശിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തത്. സംഭവം വിവാദമാവുകയും മുൻ താരങ്ങളടക്കം ഗോയങ്കയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിഷയം തണുപ്പിക്കാൻ കഴിഞ്ഞ ദിവസം രാഹുലിനെ അത്താഴ വിരുന്നിലേക്കും ഗോയങ്ക ക്ഷണിച്ചിരുന്നു.

13 മത്സരങ്ങളിൽ നിന്നും ആറ് ജയവും ഏഴ് തോൽവിയുമായി പന്ത്രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ് നിലവിൽ ലഖ്നൗ സൂപ്പർ ജയൻറ്സ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം കൂടി ശേഷിക്കെ പ്ളേ ഓഫിലേക്ക് കടക്കാൻ ലഖ്നൗവിന് മുന്നിൽ ഇനിയും സാധ്യതകളുണ്ട്. അടുത്ത മത്സരത്തിൽ മികച്ച റൺ റേറ്റിൽ വിജയിക്കുകയും മുന്നിലുള്ള മറ്റുള്ള ടീമുകൾ വലിയ മാർജിനിൽ തോൽക്കുകയും ചെയ്താൽ നാലാം സ്ഥാനക്കാരനായി പ്ളേ ഓഫിലേക്ക് കയറുവാൻ ലഖ്നൗവിന് സാധിക്കും.

ടി20 ലോകകപ്പ്; അമേരിക്കൻ ടീമിലുള്ളത് ഭൂരിഭാഗവും ഇന്ത്യക്കാർ

To advertise here,contact us