ഗുവാഹത്തി: ഇന്ത്യന് പ്രീമിയര് ലീഗില് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില് രാജസ്ഥാന് റോയല്സിന് പരാജയം. നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാനെ അഞ്ച് വിക്കറ്റിനാണ് പോയിന്റ് ടേബിളിലെ അവസാനക്കാരായ പഞ്ചാബ് തകര്ത്തത്. രാജസ്ഥാന്റെ തുടർച്ചയായ നാലാം പരാജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 144 റണ്സിലൊതുക്കിയ പഞ്ചാബ് മറുപടി ബാറ്റിങ്ങില് ഏഴ് പന്ത് ബാക്കിനില്ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില് വിജയത്തിലെത്തി. പഞ്ചാബിന് വേണ്ടി ക്യാപ്റ്റന് സാം കറന് (63*) അര്ദ്ധ സെഞ്ച്വറി നേടി.
A sensational victory in gu𝐖ahati! 💪🏻#SaddaPunjab #PunjabKings #JazbaHaiPunjabi #TATAIPL2024 #RRvPBKS pic.twitter.com/A5nU91pWaR
ഗുവാഹത്തിയില് ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തില് 144 റണ്സ് മാത്രമാണ് നേടാനായത്. റോയല്സ് നിരയില് റിയാന് പരാഗ് (48) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പഞ്ചാബിന് വേണ്ടി ക്യാപ്റ്റന് സാം കറന്, ഹര്ഷല് പട്ടേല്, രാഹുല് ചഹര് എന്നിവര് രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില് ക്യാപ്റ്റന് സാം കറന്റെ തകര്പ്പന് ഇന്നിങ്സാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. 41 പന്തില് പുറത്താകാതെ 63 റണ്സെടുത്തു. മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയുമാണ് പഞ്ചാബ് ക്യാപ്റ്റന്റെ ബാറ്റില് നിന്ന് പിറന്നത്. റിലീ റൂസ്സോ (22), ജിതേഷ് ശര്മ്മ (22), ജോണി ബെയര്സ്റ്റോ (14), അശുതോഷ് ശര്മ്മ (17*) എന്നിവരും ഭേദപ്പെട്ട സംഭാവനകള് നല്കി.