'ഇനി ലഖ്നൗവിൽ തുടരേണ്ട'; കെ എൽ രാഹുലിനെ ബെംഗളുരു ടീമിലേക്ക് ക്ഷണിച്ച് ആരാധകർ

ഹൈദരാബാദ്: ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ ഗ്രൗണ്ടിൽ വച്ച് പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ ആരാധകർ

ഹൈദരാബാദ്: ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ ഗ്രൗണ്ടിൽ വച്ച് പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ ആരാധകർ. രാഹുൽ ഇനിയും ലഖ്നൗ ടീമിൽ തുടരരുതെന്നാണ് ആരാധകരുടെ ആവശ്യം. കർണാടകക്കാരനായ രാഹുലിനെ സ്വീകരിക്കാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തയാറാകണമെന്നും ആരാധകർ ആവശ്യപ്പെട്ടു. രാഹുലും ആര്സിബിയുടെ സൂപ്പർ താരം വിരാട് കോലിയും തമ്മിലുള്ള സൗഹൃദത്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രവഹിക്കുകയാണ്. രാഹുൽ ആർസിബിയിലേക്കു തിരിച്ചെത്തണമെന്ന് ബെംഗളൂരു ആരാധകരും എക്സ് പ്ലാറ്റ്ഫോമിൽ ആവശ്യപ്പെടുന്നു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായി രാഹുൽ മുൻപ് കളിച്ചിട്ടുണ്ട്.

ബുധനാഴ്ച്ച നടന്ന ഐപിഎല് പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് പത്തു വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ലഖ്നൗ നാലു വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ വിക്കറ്റുപോകാതെ 9.4 ഓവറിൽ സൺറൈസേഴ്സ് വിജയത്തിലെത്തി. മത്സരത്തിൽ 33 പന്തുകൾ നേരിട്ട രാഹുൽ 29 റൺസെടുത്തു പുറത്തായിരുന്നു. 12 മത്സരങ്ങളിൽ ആറാം തോൽവി വഴങ്ങിയ ലഖ്നൗ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ടീമിന് ഇനി രണ്ടു കളികൾ കൂടി സീസണിൽ ബാക്കിയുണ്ട്.

2013ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ ഐപിഎൽ കരിയർ തുടങ്ങിയ താരമാണ് കെഎൽ രാഹുൽ. 2014, 2015 സീസണുകളിൽ സൺറൈസേഴ്സിന്റെ ഭാഗമായ രാഹുൽ അടുത്ത സീസണിൽ ആർസിബിയിലേക്കു മടങ്ങിയെത്തി. പിന്നീട് പഞ്ചാബ് കിങ്സിൽ കളിച്ച ശേഷമാണ് കർണാടകയുടെ താരം ലഖ്നൗ സൂപ്പർ ജയന്റ്സിലെത്തുന്നത്.

തോൽവിയിൽ രാഹുലിനോട് ചൂടായി ലഖ്നൗ ഉടമ; പ്രതിഷേധിച്ച് ആരാധകർ

To advertise here,contact us