ജയ്പൂർ: ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നലെ നടന്ന മത്സരത്തിലെ സഞ്ജുവിന്റെ പുറത്താകലുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരവും കമന്ററേറ്ററുമായ നവജ്യോത് സിംഗ് സിദ്ദു. ക്യാച്ച് ചെയ്യുന്നതിനിടയിൽ ഫീൽഡറുടെ കാൽ രണ്ട് തവണ ബൗണ്ടറി റോപ്പിൽ തട്ടിയതായും പ്രത്യക്ഷത്തിൽ തന്നെ അതൊരു ബൗണ്ടറിയായിരുന്നുവെന്നും എന്നാൽ തേർഡ് അമ്പയർ തീരുമാനമെടുക്കുന്നതിന് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും നവജ്യോത് സിദ്ദു പറഞ്ഞു. സ്റ്റാർ സ്പോർട്സിൽ നടത്തിയ ഡിസ്കഷനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.'മത്സരത്തിന്റെ ഗതി തന്നെ മാറ്റിയ തീരുമാനമായിരുന്നു അത്. മികച്ച ഫോമിൽ കളിക്കുന്ന സഞ്ജു ലക്ഷ്യത്തിന് അടുത്തെത്തിയിരുന്നു. എന്നാൽ സഞ്ജു വീണ ശേഷം ടീം തകർന്നു. തീർത്തും നിർഭാഗ്യകരമായ കാര്യമായി പോയി' സിദ്ധു കൂട്ടിചേർത്തു.
ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭവമുണ്ടാകുന്നത്. 46 പന്തിൽ എട്ട് ഫോറും ആറ് സിക്സും സഹിതം 86 റൺസുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റൺസെന്ന ഡൽഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്. പതിനഞ്ചാം ഓവറിലെ മുകേഷ് ശർമയുടെ നാലാം പന്തിൽ സഞ്ജു ലോങ്ങ് ഓണിലേക്ക് പറത്തിയ പന്ത് ബൗണ്ടറിയിൽ ഷായി ഹോപ്പ് പിടികൂടി. എങ്കിലും ക്യാച്ച് പൂർത്തിയാക്കിയ ഹോപ്പിന്റെ കാല് ബൗണ്ടറി ലൈനിൽ ടച്ച് ചെയ്തുവെന്ന സംശയം ഉയർന്നു. റിപ്ലെകളിലും ബൗണ്ടറി ലൈൻ ഇളകുന്നതായി സംശയമുയർന്നു.
A CONTROVERSIAL DECISION FROM THE 3RD UMPIRE. 😳pic.twitter.com/JC9x8ZYx5Q
പക്ഷെ തേർഡ് അമ്പയർ കൂടുതൽ പരിശോധനകൾക്ക് നിൽക്കാതെ വിക്കറ്റെന്ന് വിധിച്ചു. അമ്പയർമാരുമായി സംസാരിച്ചെങ്കിലും സഞ്ജുവിന് ഒടുവിൽ മടങ്ങേണ്ടി വന്നു. സഞ്ജു പുറത്തായതോടെ രാജസ്ഥാൻ റോയൽസിന് 20 റൺസ് അകലത്തിൽ തോൽവി വഴങ്ങേണ്ടി വന്നു.
അതെ സമയം വിവാദ പുറത്താകലിൽ സഞ്ജുവിന് പിന്തുണയുമായി ഇതിനകം തന്നെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ അമ്പയർമാരുമായി തർക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ ബിസിസിഐ പിഴചുമത്തുകയും ചെയ്തു . ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് ബിസിസിഐ നടപടി എടുത്തത്. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക. ബിസിസിഐയുടെ ഈ തീരുമാനത്തിനെതിരെയും വലിയ വിമർശനം ഉയർന്നിട്ടുണ്ട്.
ബോൾ വൈഡ് ആണോ അല്ലയോ എന്ന് നോക്കാൻ വരെ മിനുറ്റുകളോളം സമയമെടുക്കുന്ന ഐപിഎൽ മത്സരത്തിൽ സുപ്രധാന സമയത്തെ ഒരു വിക്കറ്റ് പരിശോധിക്കാനും തീരുമാനമെടുക്കാനും ആവശ്യമായ സമയമെടുത്തില്ല എന്ന പരാതിയും രാജസ്ഥാൻ ടീം മത്സരത്തിന് ശേഷം ഉയർത്തിയിരുന്നു.
സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ; 'ഐപിഎല് പെരുമാറ്റച്ചട്ടം ലംഘിച്ചു'