മുംബൈ: ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്ട്ട്. ഇതിനായി ബിസിസിഐ അധ്യക്ഷന് അജിത് അഗാര്ക്കറുടെ നേതൃത്വത്തില് ദേശീയ സെലക്ഷന് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. ഐപിഎല് ഇതര താരങ്ങള്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ നീക്കത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്.
നിലവില് 40ല് അധികം രഞ്ജി മത്സരങ്ങള് കളിക്കുന്ന ഒരു താരത്തിന് പ്രതിദിനം 60,000 രൂപയാണ് ബിസിസിഐ പ്രതിഫലമായി നല്കുന്നത്. 21 മുതല് 40 രഞ്ജി മത്സരങ്ങള് കളിക്കുന്നവർക്ക് പ്രതിദിനം 50,000 രൂപയും 20 മത്സരങ്ങള് കളിക്കുന്നവർക്ക് പ്രതിദിനം 40,000 രൂപയുമാണ് ലഭിക്കുക. അതേസമയം റിസര്വ് കളിക്കാര് അതത് വിഭാഗങ്ങളിലായി പ്രതിദിനം 30,000 രൂപയും 20,000 രൂപയും സമ്പാദിക്കുന്നു. ഇതുപ്രകാരം ടീമുകള് ഫൈനലിലെത്തിയാല് ഒരു സീനിയര് താരത്തിന് 25 ലക്ഷം രൂപ വരെ ലഭിക്കും. മറ്റ് ടീമംഗങ്ങള്ക്ക് 17 മുതല് 22 ലക്ഷം രൂപ വരെയും പ്രതിഫലമായി ലഭിക്കുന്നു.
'കോഹ്ലി കളിക്കുന്നത് ഓറഞ്ച് ക്യാപ്പിന് വേണ്ടി മാത്രം'; വിമര്ശനവുമായി ആരാധകര്
ഇപ്പോഴുള്ള പദ്ധതി നടപ്പിലാക്കിയാല് 10 രഞ്ജി മത്സരങ്ങള് കളിക്കുന്ന ഒരു താരത്തിന് പ്രതിഫലമായി 75 ലക്ഷം മുതല് ഒരു കോടി രൂപ വരെ ലഭിക്കും. വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി പോലുള്ള ആഭ്യന്തര വൈറ്റ് ബോള് ടൂര്ണമെന്റുകളില് കളിക്കുന്ന താരങ്ങള്ക്ക് ഇതിലൂടെ കൂടുതല് പ്രതിഫലം ലഭിക്കും. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത സീസണ് മുതല് മാറ്റങ്ങള് നിലവില് വരുമെന്നാണ് റിപ്പോര്ട്ട്.