ചെന്നൈ: തുടര്ച്ചയായ രണ്ട് പരാജയങ്ങള്ക്ക് ശേഷം ഐപിഎല്ലില് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര് കിങ്സ്. ചെപ്പോക്കില് നടന്ന മത്സരത്തില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് തോല്പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാര് സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയത്. കൊല്ക്കത്തയെ 137 റണ്സുകളിലൊതുക്കിയ ചെന്നൈ 14 പന്തുകള് ബാക്കിനില്ക്കെ വിജയലക്ഷ്യം മറികടന്നു. അര്ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന് റുതുരാജ് ഗെയ്ക്വാദാണ് (67*) ചെന്നൈയെ മൂന്നാം വിജയത്തിലേക്ക് നയിച്ചത്.
നിര്ണായക അര്ദ്ധ സെഞ്ച്വറി നേട്ടത്തോടെ തകര്പ്പന് നേട്ടവും ചെന്നൈ നായകനെ തേടിയെത്തി. കഴിഞ്ഞ അഞ്ച് വര്ഷത്തിനിടെ ഐപിഎല്ലില് അര്ദ്ധ സെഞ്ച്വറി നേടുന്ന ആദ്യ സിഎസ്കെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് റുതുരാജ് ഗെയ്ക്വാദ്. ഇതിനുമുന്പ് 2019ല് എം എസ് ധോണിയാണ് ഐപിഎല്ലില് അവസാനമായി ഫിഫ്റ്റി നേടിയ ചെന്നൈ നായകന്. 2022ലെ ഐപിഎല്ലിലും ധോണി അര്ദ്ധ സെഞ്ച്വറി നേടിയെങ്കിലും അത് രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റന്സിയിലായിരുന്നു.
Ruturaj Gaikwad becomes the first CSK captain in 5 years to score an IPL fifty. pic.twitter.com/wLKnq7MzBc
ചെന്നൈയില് നടന്ന മത്സരത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്ക്കത്തയെ നിശ്ചിത 20 ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തില് 137 റണ്സിലൊതുക്കാന് ചെന്നൈയ്ക്ക് സാധിച്ചു. മൂന്ന് വീതം വിക്കറ്റുകള് വീഴ്ത്തിയ രവീന്ദ്ര ജഡേജ, തുഷാര് ദേശ്പാണ്ഡെ എന്നിവരാണ് കൊല്ക്കത്തയുടെ നട്ടെല്ലൊടിച്ചത്. മുസ്തഫിസുര് റഹ്മാന് രണ്ടും മഹീഷ് തീക്ഷ്ണ ഒരു വിക്കറ്റും വീതം വീഴ്ത്തി.
നായകന്റെ നല്ല ഇന്നിംഗ്സ്; ഐപിഎല്ലില് സൂപ്പർ കിംഗ്സ് വിജയവഴിയിൽ
മറുപടി ബാറ്റിങ്ങില് 17.4 ഓവറില് കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തില് 141 റണ്സ് നേടി വിജയത്തിലെത്തി. അപരാജിത ഫിഫ്റ്റിയുമായി ചെന്നൈ നായകന് റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. 58 പന്തില് നിന്ന് പുറത്താകാതെ 67 റണ്സാണ് ഗെയ്ക്വാദിന്റെ സമ്പാദ്യം. ഒന്പത് ബൗണ്ടറികളാണ് താരത്തിന്റെ ബാറ്റില് നിന്ന് പിറന്നത്.