'മായങ്ക് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില് സ്ഥാനം അര്ഹിക്കുന്നു'; കാരണം വ്യക്തമാക്കി സേവാഗ്

റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്

ബെംഗളൂരു: ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ പുത്തന് പേസ് സെന്സേഷന് മായങ്ക് യാദവിനെ അഭിനന്ദിച്ച് മുന് ഇന്ത്യന് താരം വിരേന്ദര് സേവാഗ്. റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ലഖ്നൗവിന് വേണ്ടി മിന്നല് പ്രകടനം പുറത്തെടുക്കുന്നതിന് പിന്നാലെ യുവതാരം മായങ്ക് യാദവിനെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡില് ഉള്പ്പെടുത്തണമെന്ന ആവശ്യവും ഉയര്ന്നിരുന്നു. ഇതില് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സേവാഗ്.

'ബാറ്റര്മാരെ വലയ്ക്കുന്ന ഒരു കളിക്കാരനെയാണ് ടീമിന് വേണ്ടത്. ഗ്ലെന് മാക്സ്വെല്ലും കാമറൂണ് ഗ്രീനും ഫാസ്റ്റ് ബൗളിങ്ങില് മികച്ച താരങ്ങളാണെങ്കിലും മായങ്ക് അവരെപ്പോലും വെറുതെ വിട്ടില്ല. ഗ്രീനിനെതിരായ അദ്ദേഹത്തിന്റെ ബൗള് ഡെലിവറി അത്രയ്ക്ക് മികച്ചതായിരുന്നു. സ്റ്റംപിന്റെ ഏറ്റവും മുകളിലാണ് ബോള് കൊണ്ടത്. ഫിറ്റ്നസ് നിലനിര്ത്താനായാല് മായങ്ക് ലോകകപ്പ് സ്ക്വാഡില് അവസരം അര്ഹിക്കുന്നുണ്ട്', സേവാഗ് വ്യക്തമാക്കി.

മായങ്ക് മാജിക്ക് റീലോഡഡ്; ചിന്നസ്വാമിയില് റോയല് ചലഞ്ചേഴ്സിന് തുടര്പരാജയം

യുവ ഇന്ത്യന് താരം ഉമ്രാന് മാലിക്കും മായങ്ക് യാദവും തമ്മിലുള്ള വ്യത്യാസവും സേവാഗ് പറഞ്ഞു. 'വേഗത്തില് പന്തെറിയുമെങ്കിലും ലൈനും ലെങ്ത്തും മെച്ചപ്പെടുത്താന് ഉമ്രാന് സാധിച്ചില്ല. മായങ്കിന്റെ ലൈനും ലെങ്ത്തും കൃത്യമാണ്. തനിക്ക് വേഗതയുണ്ടെന്ന് മായങ്കിന് നന്നായി അറിയാം. ലൈന് തെറ്റിയാല് അടികിട്ടുമെന്ന ബോധവും മായങ്കിനുണ്ട്', സേവാഗ് കൂട്ടിച്ചേര്ത്തു.

To advertise here,contact us