മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. പതിവുപോലെ ഇത്തവണയും പാകിസ്താൻ താരങ്ങൾ ഐപിഎല്ലിൽ കളിക്കില്ല. ആദ്യ സീസണിന് പിന്നാലെ ഐപിഎല്ലിൽ നിന്നും പാകിസ്താൻ താരങ്ങളെ ഒഴിവാക്കുകയായിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് കാരണം. എന്നാൽ പാകിസ്താൻ താരങ്ങളെ ഐപിഎല്ലിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
സ്റ്റാർ ബാറ്റർ ബാബർ അസം വിരാട് കോഹ്ലിക്കൊപ്പം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ കളിക്കണമെന്നാണ് പാക് ആരാധകരുടെ ആഗ്രഹം. ഒപ്പം ഷഹീൻ ഷാ അഫ്രീദി ബുംറയ്ക്കൊപ്പം മുംബൈ ഇന്ത്യൻസിൽ കളിക്കണം. മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിൽ മുഹമ്മദ് റിസ്വാൻ കളിക്കണമെന്നും പാകിസ്താൻ ആരാധകർ ആഗ്രഹിക്കുന്നു.
ദ ത്രീ ഹീറോസ് ഓഫ് എ മാച്ച്; ഈഡൻ ഗാർഡനിലെ ചരിത്ര ദിനത്തിന് ഇന്ന് 23 വർഷം
ബാബറും കോഹ്ലിയും ബെംഗളൂരു ജഴ്സിയിൽ ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ പ്രചരിക്കുന്നുമുണ്ട്. എന്നാൽ ഈ ആഗ്രഹത്തിന് ഇന്ത്യൻ മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് മറുപടി നൽകി. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് ഇത്തരമൊരു ആഗ്രഹമില്ല. അതിനാൽ പാക് ആരാധകർ സ്വപ്നത്തിൽ നിന്ന് ഉണരണമെന്നും ഹർഭജൻ സിംഗ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
No indian hv such dreams .. you guys plz stop dreaming 😴😂😂 wake up now https://t.co/EmraFXiIah
ഒരു കാലത്ത് ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരങ്ങൾ ഏറെ ആവേശമായിരുന്നു. എല്ലാ വർഷങ്ങളിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ നടന്നിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് ശേഷം ഇത്തരം പരമ്പരകൾ നടക്കാറില്ല. ഇരുടീമുകളും തമ്മിൽ ഒടുവിൽ ഏകദിന പരമ്പര നടന്നത് 2012ലാണ്. 2006ന് ശേഷം ഇന്ത്യ പാകിസ്താനിൽ ക്രിക്കറ്റ് കളിച്ചിട്ടുമില്ല.