ന്യൂഡല്ഹി: വനിതാ പ്രീമിയര് ലീഗ് സീസണില് ആദ്യ വിജയം സ്വന്തമാക്കി ഗുജറാത്ത് ജയന്റ്സ്. റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 19 റണ്സിനാണ് ജയന്റ്സ് പരാജയപ്പെടുത്തിയത്. ജയന്റ്സ് ഉയര്ത്തിയ 200 റണ്സെന്ന കൂറ്റന് വിജയലക്ഷ്യം പിന്തുടര്ന്ന സ്മൃതി മന്ദാനയ്ക്കും സംഘത്തിനും നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 180 റണ്സ് മാത്രമാണ് നേടാനായത്. ഗുജറാത്തിന് വേണ്ടി ആഷ്ലി ഗാര്ഡ്നെര് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള് കാത്രിന് എമ്മ ബ്രൈസും തനുജ കന്വറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
🥳🥳🥳 pic.twitter.com/6gF3fYqYwC
ന്യൂഡല്ഹിയിലെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തില് ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന് ബെത്ത് മൂണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ജെയ്ൻ്റ്സ് 199 റണ്സെടുത്തത്.ഓപ്പണര്മാരായ ലൗറ വോള്വാര്ഡ്, ബെത്ത് മൂണി എന്നിവരുടെ തകര്പ്പന് അര്ദ്ധ സെഞ്ച്വറിക്കരുത്തിലാണ് ജയന്റ്സ് ഹിമാലയന് ടോട്ടല് സ്വന്തമാക്കിയത്.
കൂറ്റന് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ആര്സിബിക്ക് തുടക്കം മുതലേ തകര്ച്ച നേരിട്ടു. സീസണില് മികച്ച ഫോമില് കളിക്കുന്ന ക്യാപ്റ്റന് സ്മൃതി മന്ദാന അഞ്ചാം ഓവറിലെ ആദ്യ പന്തില് തന്നെ പുറത്തായി. 16 പന്തില് നിന്ന് 24 റണ്സെടുത്ത മന്ദാനയെ വിക്കറ്റിന് മുന്നില് കുരുക്കി ആഷ്ലി ഗാര്ഡ്നെറാണ് ജയന്റ്സിന് കാര്യങ്ങള് എളുപ്പമാക്കിയത്. തൊട്ടുപിന്നാലെ ഓപ്പണര് സഭിനേനി മേഘനയും (4) റണ്ണൗട്ടായി.
ലൗറ- മൂണി വെടിക്കെട്ടില് ഗുജറാത്ത്; ആര്സിബിക്ക് മുന്നില് 'ജയന്റ്' വിജയലക്ഷ്യം
48 റണ്സെടുത്ത ജോര്ജിയ വെയര്ഹാമും 30 റണ്സെടുത്ത റിച്ച ഘോഷും പൊരുതിനോക്കിയെങ്കിലും വിജയത്തിലെത്താനായില്ല. എലിസെ പെറി (24), സോഫി ഡിവൈന് (23), ഏക്ത ബിഷ്ത് (12) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്ന താരങ്ങള്.
നേരത്തെ ആദ്യം ബാറ്റുചെയ്ത ജയന്റ്സിന് തകര്പ്പന് പ്രകടനമാണ് കാഴ്ചവെച്ചത്. സെഞ്ച്വറിക്കൂട്ടുകെട്ടുയര്ത്തിയ ലൗറ വോള്വാര്ഡ്- ബെത്ത് മൂണി സഖ്യം മികച്ച തുടക്കമാണ് ജയന്റ്സിന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില് 140 റണ്സ് കൂട്ടിച്ചേര്ക്കാന് ഇരുവര്ക്കും സാധിച്ചു.
Innings Break!The Gujarat Giants set a 🎯 of 2⃣0⃣0⃣ for #RCB!Can they claim their first win of the season or we're in for a high-scoring run chase 🤔Scorecard 💻📱https://t.co/W8mqrR94WB#TATAWPL | #GGvRCB pic.twitter.com/GOHxndoTSf
ലൗറയെ റണ്ണൗട്ടാക്കി ഏക്ത ബിഷ്താണ് ഈ കൂട്ടുകെട്ട് തകര്ത്തത്. 45 പന്തില് 13 ബൗണ്ടറിയടക്കം 76 റണ്സ് നേടിയാണ് ലൗറ ഡ്രെസിങ് റൂമിലേക്ക് മടങ്ങിയത്. വണ്ഡൗണായി എത്തിയ ഫോബ് ലിച്ച്ഫീല്ഡിനെ കൂട്ടുപിടിച്ച് മൂണി പോരാട്ടം തുടര്ന്നു. 18 റണ്സെടുത്ത ലിച്ച്ഫീല്ഡിനെ സ്മൃതി മന്ദാന റണ്ണൗട്ടാക്കി. പിന്നീടിറങ്ങിയ ആഷ്ലി ഗാര്ഡ്നെര് (0), ദയലന് ഹേമലത (1), വേദ കൃഷ്ണമൂര്ത്തി (1) എന്നിവര് അതിവേഗം മടങ്ങി.
ഒരുഭാഗത്ത് വിക്കറ്റുകള് വീണുകൊണ്ടിരിക്കുമ്പോഴും ക്യാപ്റ്റന് ബെത്ത് മൂണി ക്രീസിലുറച്ചുനിന്നു. 51 പന്തില് നിന്ന് 85 റണ്സെടുത്താണ് മൂണി പുറത്താകാതെ നിന്നത്. 12 ബൗണ്ടറികളും ഒരു സിക്സും താരത്തിന്റെ ബാറ്റില് നിന്ന് പിറന്നു. കാത്രിന് എമ്മ ബ്രൈസ് ഒരു റണ്സെടുത്ത് പുറത്താകാതെ നിന്നു.