ലണ്ടന്: ടെസ്റ്റ് ക്രിക്കറ്റില് ആദ്യ വിജയം സ്വന്തമാക്കി അയര്ലന്ഡ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില് ആറ് വിക്കറ്റുകളുടെ തകര്പ്പന് വിജയം സ്വന്തമാക്കിയാണ് അയര്ലന്ഡ് ചരിത്രം സൃഷ്ടിച്ചത്. 111 റണ്സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില് മൂന്നാം ദിനത്തിന്റെ അവസാന സെഷനില് തന്നെ അയര്ലന്ഡ് മറികടന്നു. രണ്ടാം ഇന്നിങ്സില് നായകന് ആന്ഡ്രൂ ബാല്ബിര്ണിയുടെ നിര്ണായക പ്രകടനമാണ് അയര്ലന്ഡിന് ചരിത്രവിജയം സമ്മാനിച്ചത്.
മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ അർധസെഞ്ച്വറി നേടി ഓപ്പണർ ഇബ്രാഹിം സദ്രാൻ ഭേദപ്പെട്ട തുടക്കം നൽകി. 83 പന്തില് ഒന്പത് ബൗണ്ടറിയടക്കം 53 റണ്സെടുത്ത സദ്രാനാണ് ആദ്യ ഇന്നിങ്സില് അഫ്ഗാന്റെ ടോപ് സ്കോറര്. ഒപ്പം കരീം ജനത് പുറത്താകാതെ 41 റൺസെടുത്തും കളം നിറഞ്ഞു. എന്നാൽ മറ്റു ബാറ്റർമാർ ആരും മികച്ച പിന്തുണ നൽകാതിരുന്നതോടെ അഫ്ഗാൻ കേവലം 155 റൺസിന് ഓൾഔട്ട് ആയി. മറുവശത്ത് അയർലൻഡിനായി മാർക്ക് അദൈര് അഞ്ച് വിക്കറ്റുകളുമായി തിളങ്ങി.
'ഞാൻ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല'; നിലപാട് വ്യക്തമാക്കി യുവരാജ് സിംഗ്
മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡ് 263 റൺസാണ് സ്വന്തമാക്കിയത്. അയർലൻഡിന് വേണ്ടി പോള് സ്റ്റിര്ലിങ് അർദ്ധ സെഞ്ച്വറി നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. 89 പന്തില് ഏഴ് ബൗണ്ടറിയടക്കം 52 റണ്സെടുത്ത സ്റ്റിര്ലിങ്ങാണ് ഒന്നാം ഇന്നിങ്സില് അയര്ലന്ഡിന്റെ ടോപ് സ്കോറര്. കുര്ട്ടിസ് കാംഫര് (49), ലോര്കന് ടക്കര് (46) എന്നിവരും മികച്ച പിന്തുണ നല്കി. ഹാരി ടെക്ടര് (32), ആന്ഡി മക്ബ്രൈന് (38), പി ജെ മൂര് (12), മാര്ക്ക് അദൈര് (15) എന്നിവരാണ് പിന്നീട് ഐറിഷ് നിരയില് രണ്ടക്കം കടന്ന താരങ്ങള്. ആന്ഡ്രൂ ബാല്ബിര്ണി (2), തിയോ വാന് വോര്കോം (1), ബാരി മക്കാര്ത്തി (5), ക്രൈഗ് യങ് (1*) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം.
ഇതോടെ 108 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് അയർലൻഡിന് ലഭിച്ചു. അതേസമയം അഫ്ഗാനിസ്ഥാന് വേണ്ടി സിയാ ഉർ റഹ്മാൻ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.
സന്തോഷ് ട്രോഫി; വിജയഗോള് പിറന്നില്ല, സര്വീസസിനെതിരായ മത്സരവും സമനില വഴങ്ങി കേരളം
ലീഡ് വഴങ്ങിയതിന് ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച അഫ്ഗാനിസ്ഥാൻ മികച്ച പോരാട്ടം തന്നെ കാഴ്ചവെച്ചു. നായകൻ ഹഷ്മത്തുള്ളാ ഷഹീദിയാണ് അഫ്ഗാനിസ്ഥാനായി പോരാട്ടം നയിച്ചത്. രണ്ടാം ഇന്നിങ്സില് 107 പന്തില് നിന്ന് 55 റണ്സാണ് ക്യാപ്റ്റന്റെ ബാറ്റില് നിന്ന് പിറന്നത്. ഒപ്പം വിക്കറ്റ് കീപ്പർ ബാറ്റർ റഹ്മാനുള്ള ഗുർബാസ് 46 റൺസെടുത്ത് ഭേദപ്പെട്ട സംഭാവന നൽകി. രണ്ടാം ഇന്നിങ്സിൽ അയർലൻഡിനായി മാര്ക്ക് അദൈറും ബാരി മക്കാര്ത്തിയും ക്രൈഗ് യങ്ങും മൂന്ന് വിക്കറ്റുകള് വീഴ്ത്തി. ഇതോടെ അഫ്ഗാനിസ്ഥാന്റെ ഇന്നിങ്സ് കേവലം 218 റൺസിൽ അവസാനിക്കുകയായിരുന്നു.
അവസാന ഇന്നിങ്സിൽ 111 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് മറുപടി പറയാനിറങ്ങിയ അയർലൻഡിന് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർ പിജെ മൂറിനെയും (0) വൺ ഡൗണായി എത്തിയ കുർട്ടിസ് കാഫറിനെയും (0) തുടർച്ചയായ പന്തുകളിൽ അയർലൻഡിന് നഷ്ടമായി. ഒരു ഘട്ടത്തിൽ 39 റൺസിന് നാല് വിക്കറ്റെന്ന നിലയിലേക്ക് വീണ അയർലൻഡിന്റെ രക്ഷാദൗത്യം ഏറ്റെടുത്ത് നായകൻ ക്രീസിലെത്തുകയായിരുന്നു. 96 പന്തില് അഞ്ച് ബൗണ്ടറി സഹിതം 58 റണ്സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന് ആന്ഡ്രൂ ബാല്ബിര്ണിയാണ് അഫ്ഗാന് അനായാസ വിജയം സമ്മാനിച്ചത്.